ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈൻ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായാണ് തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്. പിന്നീട് കമലിന്റെ തന്നെ ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കിറങ്ങിയ ഷൈൻ അധികം വൈകാതെ തന്നെ മലയാളത്തിൽ തിരക്കുള്ള ഒരു നടനായി മാറി.
ഇന്ന് അന്യഭാഷകളിലും അഭിനയിക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. തിയേറ്ററിൽ ഓടുന്ന ജൂനിയർ എൻ.ടി.ആറിന്റെ പാൻ ഇന്ത്യൻ ചിത്രം ദേവരയിൽ ഷൈൻ ഭാഗമായിട്ടുണ്ട്. സിനിമകൾ പോലെ തന്നെ സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലുമെല്ലാം ഒരുപോലെ ആക്റ്റീവാണ് ഷൈൻ ടോം.
പണ്ടത്തെ ചിത്രങ്ങളിലെ നായകന്മാർ സിനിമയിൽ മരിക്കുന്നത് സ്ഥിരമായിരുന്നുവെന്നും മോഹൻലാലിന്റെ പല ചിത്രങ്ങളും അത്തരത്തിൽ വിജയിച്ചിട്ടുണ്ടെന്നും ഷൈൻ ടോം ചാക്കോ പറയുന്നു. ഉണ്ണികളെ ഒരു കഥ പറയാം, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങളൊക്കെ അതിന് ഉദാഹരണമാണെന്നും ആദ്യ ചിത്രമായ ഗദ്ദാമയിൽ താനും മരിക്കുന്നുണ്ടെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പണ്ട് സിനിമയിൽ മരിക്കാൻ എനിക്കൊരു പ്രത്യേക താത്പര്യമായിരുന്നു. പണ്ട് നായകന്മാർ അധികവും സിനിമയിൽ മരിക്കുമായിരുന്നു. ലാലേട്ടൻ മരിക്കുന്ന സിനിമകളൊക്കെ ഹിറ്റാണ്. ഉണ്ണികളെ ഒരു കഥ പറയാം, രാജാവിന്റെ മകൻ അങ്ങനെയുള്ള സിനിമകൾ. അതൊക്കെ വലിയ വിജയങ്ങളായിരുന്നു.
പിന്നെ ഒരുകാലത്ത് നായകൻ മരിക്കുന്നത് കണ്ടാൽ പ്രേക്ഷകർ കൂവി തോൽപ്പിക്കുന്ന നിലയിലേക്കെത്തി. എനിക്ക് ഫസ്റ്റ് പടത്തിൽ തന്നെ മരിക്കാൻ പറ്റി. ഗദ്ദാമ എന്ന ചിത്രത്തിൽ,’ഷൈൻ ടോം ചാക്കോ പറയുന്നു.