സംവിധായകന് കമലിന്റെ അസിസ്റ്റന്റായി സിനിമയിലേക്കെത്തി ഇന്ന് മലയാളത്തില്‍ നിറഞ്ഞ് നില്ക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. നമ്മള്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയരംഗത്തേക്കെത്തിയ ഷൈന്‍ ഗദ്ദാമയിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. വിവേകാനന്ദന് വൈറലാണ് എന്ന ചിത്രത്തലൂടെ 100 സിനിമകള്‍ എന്ന നാഴികക്കല്ലിലേക്കെത്താന്‍ ഷൈന്‍ ടോമിന് സാധിച്ചു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഷൈന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വിജയ് നായകനായ ബീസ്റ്റിലൂടെ തമിഴില്‍ അരങ്ങേറിയ ഷൈന്‍ നാനിയുടെ ദസറയിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. ജിഗര്‍തണ്ട ഡബിള്‍ എക്സ്, രംഗബലി, ദേവര എന്നീ അന്യഭാഷാചിത്രങ്ങളുടെ ഭാഗമായി ഷൈന്‍ മാറി.
അന്യഭാഷാ സിനിമകളും മലയാളസിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷൈന്‍. വലിയ സിനിമയുടെ ലൊക്കേഷന്‍ എന്ന പ്രതീക്ഷയില്‍ പോയപ്പോള്‍ സ്റ്റുഡിയോയില്‍ സെറ്റിട്ടതാണ് കണ്ടതെന്ന് ഷൈന്‍ ടോം പറഞ്ഞു.
കടലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ദേവര മുഴുവന്‍ സെറ്റിട്ടതാണെന്നും ബീസ്റ്റും സെറ്റിട്ടാണ് ഷൂട്ട് ചെയ്തതെന്നും ഷൈന്‍ പറഞ്ഞു. വിജയ്, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ലൈവ് ലൊക്കേഷനില്‍ വെച്ച് ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്നും വലിയ ക്രൗഡ് ഉണ്ടാകുമെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അഭിനയിച്ച അടിത്തട്ട് എന്ന സിനിമ കടലില്‍ വെച്ചാണ് ഷൂട്ട് ചെയ്തതെന്നും അത്തരം കാര്യങ്ങള്‍ മലയാളത്തില്‍ മാത്രമേ നടക്കുള്ളൂവെന്നും ഷൈന്‍ പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ഷൈന്‍.
‘ബീസ്റ്റ്, ദേവര ഈ രണ്ട് സിനിമകളും മുഴുവന്‍ സെറ്റിട്ടാണ് ഷൂട്ട് ചെയ്തത്. വലിയ കാടാണ് എന്ന പറഞ്ഞ് അവര്‍ സെറ്റിട്ടു, ബാക്കി ഗ്രീന്‍ മാറ്റില്‍ എടുത്തു. ഈ കാട് കണ്ട് നമ്മള്‍ ഞെട്ടണം. അതൊക്കെ വലിയ പാടായിരുന്നു. ബീസ്റ്റും അതുപോലെ, മാളിന്റെ സെറ്റാണ് ആ പടത്തില്‍. മലയാളസിനിമ മാത്രമേ മാക്‌സിമം റിയല്‍ ലൊക്കേഷനില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കൂ, ഈ വി.എഫ്.എക്‌സിലൊക്കെ എടുത്താല്‍ അതിനൊന്നും കുറച്ചുകാലം കഴിഞ്ഞാല്‍ ലൈഫ് ഉണ്ടാവില്ല.
അടിത്തട്ട് എന്ന സിനിമ ഞങ്ങള്‍ യഥാര്‍ത്ഥ കടലിലാണ് ഷൂട്ട് ചെയ്തത്. വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു അത്. വിജയ് ആയാലും ജൂനിയര്‍ എന്‍.ടി.ആര്‍ ആയാലും അവരുടെ സിനികളില്‍ ലൈവ് ലൊക്കേഷനില്‍ ഷൂട്ട് ചെയ്യുന്നത് പ്രയാസമാണ്. കാരണം, ഇവരെ കാണാന്‍ വലിയ ക്രൗഡ് വരും, അത് കണ്‍ട്രോള്‍ ചെയ്യാന്‍ പ്രയാസമാണ്. അല്ലെങ്കില്‍ അവരെയൊന്നും പരിചയമില്ലാത്ത ഏതെങ്കിലും ഫോറിന്‍ രാജ്യത്ത് ഷൂട്ട് ചെയ്യേണ്ടി വരും,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
Content Highlight: Shine Tom Chacko about movies of Vijay and Jr NTR