മലയാളത്തിലെ എക്കാലത്തെയും മികച്ച രണ്ട് മോഹന്‍ലാല്‍ സിനിമകളാണ് കിലുക്കവും ഭരതവും. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് കോമഡി ചലച്ചിത്രമാണ് കിലുക്കം.
അതേ വര്‍ഷംതന്നെ ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഭരതം. ഈ രണ്ട് സിനിമകളിലെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണെങ്കിലും രണ്ട് സിനിമകളിലും വ്യത്യസ്ത തലങ്ങളിലുള്ള അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്.
അഭിനേതാവിന്റെ പ്രകടനം സിനിമകള്‍ക്ക് അനുസരിച്ച് മാറുമെന്നും അതിനുദാഹരണമാണ് മോഹന്‍ലാല്‍ ചെയ്ത കിലുക്കവും ഭരതവുമെന്നും ഈ രണ്ട് ചിത്രത്തിലെയും മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ചും സില്ലി മോങ്ക്‌സ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ.
‘ലാലേട്ടന്റെ കിലുക്കത്തിലെ അഭിനയവും ഭരതത്തിലെ അഭിനയത്തിലും വ്യത്യാസം ഉണ്ടല്ലോ, ഭരതത്തിലെ അവസ്ഥവെച്ച് നോക്കുമ്പോള്‍ കിലുക്കം ഇത്തിരി ഓവര്‍ഡു ആണ്. അത് പടങ്ങള്‍ക്കനുസരിച്ച് മാറണം.
പടത്തിനനുസരിച്ചോ ഡയറക്ടര്‍ പറയുന്നതിനനുസരിച്ചോ ലോജിക്കും നാച്ചുറല്‍ അഭിനയവും എല്ലാം വ്യത്യാസപ്പെട്ടിരിക്കും. ഫിലിം മേക്കേഴ്സ് ആണല്ലോ ഫീഡ് ചെയ്യുന്നത് അപ്പോള്‍ അവര്‍ക്കനുസരിച്ച് ആക്ടറിന്റെ അഭിനയവും വ്യത്യാസപ്പെട്ടിരിക്കും.
ഭരതന്റെ പടത്തിലഭിനയിക്കുമ്പോള്‍ ഭരതന്‍ പറയുന്ന പോലെയും റാഫിയുടെ പടത്തിലഭിനയിക്കുമ്പോള്‍ റാഫി പറയുന്നപോലെയായിരിക്കും അഭിനയിക്കുക.’ ഷൈന്‍ ടോം ചാക്കോ പറയുന്നു.
മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള കഥകള്‍ വരുന്നത് കുറവാണെന്നും സ്ത്രീകളെ നന്നായി അറിയുന്നത് അവര്‍ക്ക് തന്നെയാണെന്നും അതുകൊണ്ട് സ്ത്രീകള്‍തന്നെ അത്തരം കഥകള്‍ കൊണ്ടുവരണമെന്നും പറയുകയാണ് ഷൈന്‍ ടോം ചാക്കോ.
‘മലയാളത്തില്‍ സ്ത്രീ പ്രാധാന്യമുള്ള കഥകള്‍ വരുന്നത് കുറവാണ്. അങ്ങനെ വന്നാല്‍ തന്നെ അതെല്ലാം ടൈപ്പ് കാസറ്റ് ആണ്. ഇനി വ്യത്യസ്തമായത് വരണമെങ്കില്‍ സ്ത്രീകള്‍ തന്നെ കൊണ്ടുവരണം.
കാരണം ഇവര്‍ക്കേ അതറിയുകയുള്ളു. ശരിക്കുള്ള സ്ത്രീ കഥാപാത്രങ്ങളെ നമ്മള്‍ കൊണ്ടുവന്നിട്ടില്ല.ആണിന് അത് പോട്രെയ്റ്റ് ചെയ്യാന്‍ പറ്റില്ല.’ ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ പറയുന്നു.
Content Highlight: Shine Tom Chacko About Mohanlal Bharatham and Kilukkam