| Monday, 31st October 2022, 2:00 pm

ഇത്രയുമൊക്കെ ചെയ്തുവെച്ചിട്ടും മമ്മൂക്കയേയും ലാലേട്ടനേയും ഇപ്പോഴും തള്ളിപ്പറയുന്നവരില്ലേ: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യക്തികള്‍ക്കല്ല കഥാപാത്രങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂവെന്നും വ്യക്തികള്‍ തള്ളിപ്പറയപ്പെട്ടേക്കാമെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ. മലയാളത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങള്‍ ചെയ്തുവെച്ചിട്ടും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇന്നും തള്ളിപ്പറയുന്നവര്‍ ഇല്ലേയെന്നും ഷൈന്‍ ടോം ചോദിച്ചു.

ഇന്ന് മലയാളത്തിലെ ഏത് സിനിമ നോക്കിയാലും ഷൈന്‍ ടോം ചാക്കോ എന്ന ഘടകമുണ്ടെന്നാണല്ലോ പ്രേക്ഷകര്‍ പറയുന്നത് എന്ന ചോദ്യത്തിന് അങ്ങനെ ഇല്ലെന്നും അവിടെ കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂവെന്നുമായിരുന്നു ഷൈനിന്റെ മറുപടി.

മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ എത്ര കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അവരെ നമ്മള്‍ ഒരിക്കലും തള്ളിപ്പറയരുതല്ലോ. പക്ഷേ ഇന്നും ഞാന്‍ അവരെ തള്ളിപ്പറയുന്നവരെ കണ്ടിട്ടുണ്ട്. ഇത്രയും അവര്‍ നമ്മുടെ മുന്‍പില്‍ പെര്‍ഫോം ചെയ്തിട്ടും. അതുകൊണ്ട് തന്നെ വ്യക്തിക്കല്ല അവിടെ പ്രധാന്യം. കഥാപാത്രങ്ങള്‍ക്കാണ്.

ഒരു അഭിനേതാവ് ആരുമായിക്കോള്ളട്ടെ, അയാള്‍ ചെയ്ത കഥാപാത്രം മാത്രം നിലനിന്നാല്‍ മതി. അയാള്‍ പോകും. അയാളെ ആളുകള്‍ തള്ളിപ്പറയും.

മമ്മൂക്കയെപ്പോലുള്ള നമുക്ക് മുന്‍പുള്ള അഭിനേതാക്കള്‍ അത്രയും ചെയ്ത് വെച്ചതുകൊണ്ടാണ് നമുക്ക് ഇപ്പോള്‍ ഇത്രയെങ്കിലും ചെയ്യാന്‍ പറ്റുന്നത്. നമുക്ക് മുന്നെ വന്നവരെല്ലാം എന്നെ ഇന്‍സ്‌പെയര്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ നമുക്ക് പിന്നാലെ വരുന്നവരും ഇന്‍സ്പിരേഷന്‍ ആണ്.
അതാണ് ഇന്‍സ്പിരേഷന്‍. അല്ലാതെ സിനിമയില്‍ നിന്നോ പുസ്തകത്തില്‍ നിന്നോ ഉണ്ടാവുന്നതല്ല.

മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ സംസാരിച്ചു. മമ്മൂക്ക വഴക്ക് പറയേണ്ട സമയത്ത് വഴക്ക് പറയും. അത് പറയണം. വഴക്കുപറയുന്നത് അയാളെ നശിപ്പിക്കാനല്ല. അയാളുടെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ്. അതുണ്ടാവണം.

അടുത്ത് വന്ന് നിന്ന് സപ്പോര്‍ട്ട് ചെയ്യുകയല്ല. അത് അല്ലാതെ കിട്ടും. സംസാരിക്കുമ്പോള്‍, സംസാരിച്ച് തുടങ്ങുമ്പോള്‍ എല്ലാം. അല്ലാതെ കൈപിടിച്ച് സപ്പോര്‍ട്ട് തരുകയല്ല. കളത്തില്‍ കളിക്കുന്നവനേക്കാള്‍ ചിലപ്പോള്‍ ഗ്യാലറിയില്‍ ഇരിക്കുന്ന ഒരാളുടെ സപ്പോര്‍ട്ടായിരിക്കും നമ്മളെ സഹായിക്കുക, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

തന്റെ ഓരോ സിനിമകളിലും ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തെ വ്യത്യസ്തനാക്കാനാണ് ശ്രമിക്കുന്നതെന്നും 600 കോടിക്ക് പടമെടുത്താലും 1000 കോടിക്ക് പടമെടുത്താലും പ്രേക്ഷകന് ഒന്നുമില്ലെന്നും അവന് സിനിമ നന്നായാല്‍ മതിയെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഷൈന്‍ ടോമിന്റെ ഏറ്റവും പുതിയ ചിത്രമായ കുമാരിയില്‍ ധ്രുവന്‍ എന്ന കഥാപാത്രത്തിന് വലിയ അഭിനന്ദനമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഷൈനിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ധ്രുവന്‍ എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ ഐശ്വര്യയുടേയും സുരഭിയുടേയുമെല്ലാം പ്രകടനം കയ്യടി നേടുന്നുണ്ട്.

Content Highlight: Shine Tom Chacko about Mohanlal and Mammootty

We use cookies to give you the best possible experience. Learn more