| Saturday, 9th April 2022, 3:31 pm

സ്ത്രീയും പുരുഷനും തമ്മില്‍ അട്രാക്ഷന്‍ ഉണ്ടാവുന്നത് നല്ലതല്ലേ; മീ ടു-വിനായകന്‍ വിവാദത്തില്‍ നിലപാട് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മീ ടൂ മൂവ്‌മെന്റിനെ കുറിച്ചും സെക്ഷ്വാലിറ്റിയെ കുറിച്ചുമുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ഈയിടെയായി മലയാള സിനിമയില്‍ വന്ന മീ ടൂ ചര്‍ച്ചയെ കുറിച്ച് എന്താണ് അഭിപ്രായം, വിനായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിമര്‍ശനം വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായം പറയാന്‍ ഇതെന്താ വല്ല പലഹാരവുമാണോ എന്നായിരുന്നു ഷൈന്റെ ആദ്യമറുപടി. ഇത്തരത്തില്‍ നെഗറ്റീവായിട്ടുള്ള കാര്യങ്ങള്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

വിനായകന്‍ പറഞ്ഞത് പോലെ അങ്ങനെ ഒരു പെണ്‍കുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അതില്‍ നമ്മള്‍ കൂടുതല്‍ കയറി അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ഷൈനിന്റെ മറുപടി.

പുരുഷനും സ്ത്രീയുമായാല്‍ പരസ്പരം അട്രാക്ഷന്‍സ് ഉണ്ടായിരിക്കണം. അത് നമ്മള്‍ നല്ല രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുകയാണെങ്കില്‍ നല്ലതല്ലേയെന്നും ഷൈന്‍ ചോദിച്ചു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ തന്നെ അത്തരത്തില്‍ ചോദിക്കുന്നത് നല്ലതാണോ, ആ രീതിയിലുള്ള പരാമര്‍ശമാണല്ലോ വിവാദമായത് എന്ന ചോദ്യത്തിന് കാണുമ്പോള്‍ തന്നെയാണോ ചോദിച്ചത്, അതോ കണ്ടിട്ട് ഒരുപാട് സംസാരിച്ചതിന് ശേഷമൊക്കെയാണ് ചോദിച്ചത് എന്ന് നമുക്ക് അറിയില്ലല്ലോ എന്നായിരുന്നു ഷൈനിന്റെ മറുപടി.

സ്ത്രീയും പുരുഷനും തമ്മില്‍ പരസ്പരം അട്രാക്ഷന്‍സ് ഉണ്ടാവില്ലേ, അതൊരു നല്ല കാര്യമാണ്. ആ അട്രാക്ഷനില്‍ നിന്നാണ് ചെറുപ്പക്കാര്‍ക്ക് എനര്‍ജി ഉണ്ടാകുന്നത്. നമ്മള്‍ പറയാറില്ലേ ഈ ടീനേജ് കാലഘട്ടത്തില്‍ ഭയങ്കര എനര്‍ജറ്റിക് ആയിരിക്കും ഭയങ്കര ആവേശവും പ്രതീക്ഷകളുമൊക്കെക്കെ ഉണ്ടാവും എന്നൊക്കെ ആ സമയത്താണ് ഈ ഹോര്‍മോണ്‍സൊക്കെ കൂടുതലായി ഉണ്ടാകുന്നത്.

പ്രധാനമായിട്ട് പറയേണ്ടത് ഈ സെക്‌സ് എജ്യുക്കേഷനെ കുറിച്ചാണ്. സെക്‌സ് എജ്യുക്കേഷന്‍ നമ്മുടെ നാട്ടില്‍ കൃത്യമായി ഇല്ലാാത്തതുകൊണ്ടാണ് ഇതിനെ കുറിച്ച് ആള്‍ക്കാര്‍ക്ക് ഇത്തരം ആകാംഷയും എക്‌സൈറ്റ്‌മെന്റും ഉണ്ടാവുന്നത്. അതുകൊണ്ടാണ് പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത്.

കുട്ടികളെ ചെറുപ്പം മുതലേ പഠിപ്പിക്കേണ്ട കാര്യങ്ങളുണ്ട്. ആണ് എന്താണ് പെണ്ണ് ഇവരുടെ അവയവങ്ങള്‍ എന്താണ്. ആണും പെണ്ണും തമ്മിലുള്ള സെക്ഷ്വല്‍ ലൈഫ് എന്താണ്. ജീവിതത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ് എന്ന് തുടങ്ങി നമ്മള്‍ പല കാര്യങ്ങളും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്.

എന്നാല്‍ ഇവിടെ സെക്‌സ് എന്ന വാക്ക് പോലും പറയാന്‍ പലരും മടിക്കും. നമ്മള്‍ ഇതൊന്നും പഠിക്കുന്നത് സ്‌കൂളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമല്ല. വളരെ തെറ്റായ രീതിയില്‍ പുസ്തകങ്ങളില്‍ നിന്നും സിനിമകളില്‍ നിന്നുമാണ്. ഒരു കൊച്ച് വളര്‍ന്നു വരുമ്പോള്‍ അവനെ പഠിപ്പിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇതൊക്കയാണ്. ഇതൊന്നും പഠിപ്പിക്കാതെ തെറ്റായ രീതിയില്‍ ഇത് അറിഞ്ഞുകഴിഞ്ഞാല്‍ പല ഭാവനകളും കുട്ടികള്‍ക്കുണ്ടാവും, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന കൊടുക്കണമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഫിലിം ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല എല്ലായിടത്തും സ്ത്രീകള്‍ സുരക്ഷിതരായിരക്കണമെന്നായിരുന്നു ഷൈനിന്റെ മറുപടി. ഏത് സമയത്ത് ഇറങ്ങി നടക്കാനും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള കാര്യങ്ങള്‍ സംസാരിക്കാനുമുള്ള അവകാശം ഉണ്ടായിരിക്കണം. അത് ബേസിക്കായുള്ള നീഡാണ്. സ്ത്രീക്കും പുരുഷനും അത് ഉണ്ടാവണം, ഷൈന്‍ പറഞ്ഞു.

ഭീഷ്മപര്‍വത്തില്‍ ബൈ സെക്ഷ്വല്‍ ആയിട്ടാണല്ലോ അഭിനയിക്കുന്നത് എന്ന ചോദ്യത്തിന് അതിനെന്താണ് ഇത്ര പ്രത്യേകത എന്നായിരുന്നു ഷൈന്റെ മറുപടി. ഞാന്‍ സ്‌ട്രേറ്റ് ആയിട്ട് അഭിനയിക്കുന്നുണ്ടല്ലോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ എന്നായിരുന്നു ഷൈന്റെ മറുപടി. അപ്പോള്‍ നിങ്ങള്‍ക്ക് ബൈ സെക്ഷ്വലിനോടും ലെസ്ബിയന്‍സിനോടുമൊക്കെ എന്തോ പ്രശ്‌നമുണ്ട് എന്നല്ലേ മനസിലാക്കേണ്ടത്. അല്ലെങ്കില്‍ പിന്നെ ഇങ്ങനെ ചോദ്യം ചോദിക്കേണ്ട കാര്യമില്ല. ആളുകള്‍ക്ക് സെക്ഷ്വലായി അട്രാക്ഷന്‍സ് വരുമ്പോള്‍ അവര്‍ക്ക് പരസ്പരം അറിയാനും മനസിലാക്കാനുമൊക്കെ തോന്നും. അതൊക്കെ നാച്ചുറലാണ്. ഇത് എന്നെപ്പോലെ തന്നെയാണ് എല്ലാവര്‍ക്കുമെന്ന് സ്വയം മനസിലാക്കുക. ഇത് ഭയങ്കര പ്രത്യേകത ഉള്ള എന്തോ സംഗതിയാണെന്ന് പറയേണ്ട കാര്യമില്ല, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Content Highlight: Shine Tom Chacko About Mee too Vinayakan Issue and Sexuality

We use cookies to give you the best possible experience. Learn more