ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ പുറത്തുവന്ന ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ ഷൈന്‍ ടോം ചാക്കോയും എത്തിയിരുന്നു. ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ച ലോക്കേഷനിലുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ.
കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2025 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കോടികള്‍ കിട്ടുമെന്ന ആഗ്രഹം കൊണ്ടല്ല ഈ പ്രായത്തിലും മമ്മൂക്ക അഭിനയിക്കുന്നതെന്നും. പല നാടന്മാരും ഒരു പടം കഴിഞ്ഞാല്‍ ലോകം ചുറ്റാന്‍ പോകുമെന്നും എന്നാല്‍ മമ്മൂക്ക അടുത്ത സിനിമയുടെ സെറ്റിലേക്കാണ് പോകുന്നതെന്നും ഷൈന്‍ പറയുന്നു.
‘മമ്മൂക്കക്ക് എന്നും ഷൂട്ട് ഉണ്ടാകണം, പുള്ളി ഒരു സെറ്റില്‍ നിന്നും അടുത്ത സെറ്റിലേക്കാണ് പോകുന്നത്. അധികം രാത്രി ജോലി ചെയ്യാത്ത ആളാണ് മമ്മൂക്ക, ചില ദിവസങ്ങളില്‍ മാത്രമാണ് അങ്ങനെ ചെയ്യുക. ഉണ്ട ചെയ്യുന്ന സമയത്ത് രാത്രി ഷൂട്ട് ചെയ്യുന്ന സമയത്ത് 9.30 ഒക്കെ ആയപ്പോള്‍ റഹ്മാനോട് ഞാന്‍ കുറച്ച് ഭക്ഷണം കഴിച്ചോട്ടെ എന്ന് മമ്മൂക്ക ചോദിച്ചു. റഹ്മാന്‍ ഭക്ഷണം കഴിക്കാനും പറഞ്ഞു. മമ്മൂക്ക ഭക്ഷണം കഴിക്കാന്‍ ടേബിളില്‍ ഇരുന്ന് കഴിക്കാന്‍ പാത്രം തുറന്നപ്പോള്‍ ആ ഷോട്ട് എടുക്കാമല്ലോ എന്ന് ഖാലിദ് പറയുന്ന കേട്ട് ഷോട്ട് എടുക്കാനോ ഇപ്പൊ വരാം എന്ന് പറഞ്ഞ് മമ്മൂക്ക എഴുന്നേറ്റു,’ ഷൈന്‍ പറയുന്നു.
ഇതൊന്നും ത്യാഗമല്ലെന്നും അദ്ദേഹത്തിന് സിനിമയോടുള്ള അത്രേം ഇഷ്ട്ടം കൊണ്ടാണെന്നും ഷൈന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രത്തിലും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളും ഷൈന്‍ പങ്കുവെക്കുന്നുണ്ട്.
‘ലാസ്റ്റ് ഷൂട്ട് ചെയ്തപ്പോള്‍ നല്ല തണുപ്പും കാറ്റുമൊക്കെ ഉണ്ടായിരുന്നു, എനിക്ക് പോലും തണുപ്പ് സഹിക്കാന്‍ സാധിക്കുന്നില്ലായിരുന്നു. മമ്മൂക്കയോട് കോട്ട് ഇട്ടൂടെ എന്ന് ചോദിച്ചപ്പോള്‍, ഏയ് കോട്ടോ എന്ന് പറഞ്ഞ് ചില്‍ ചെയ്ത് വര്‍ക്ക് ചെയ്യുകയായിരുന്നു,’ ഷൈന്‍ പറയുന്നു.
അതേസമയം ഓഗസ്റ്റ് 19നാണ് കുടുക്ക് 2025 തിയേറ്ററുകളില്‍ എത്തുക. ത്രികോണ പ്രണയവും ആക്ഷന്‍ രംഗങ്ങളുമായി നിഗൂഢത ഉയര്‍ത്തുന്ന രീതിയില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധനേടിയിരുന്നു. അള്ള് രാമേന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. മനുഷ്യന്റെ സ്വകാര്യത പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Content Highlight: Shine Tom Chacko About Mammooty’s Dedication