അന്നയും റസൂലും സിനിമ ചെയ്യുന്ന സമയത്ത് ജൂനിയര്‍ ആര്‍ടിസ്റ്റായി ജോലി ചെയ്തയാളാണ് ഖാലിദ് റഹ്മാനെന്നും, അന്ന് അസിസ്റ്റന്റ് ഡയറക്ടറായി പുറകില്‍ നോക്കി നിന്നപ്പോള്‍ ഇത്രയും കഴിവുള്ളയാളാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ.
ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തല്ലുമാലയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ സംവിധായകന്‍ ഖാലിദ് റഹ്മാനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഷൈന്‍.
‘അന്നയും റസൂലും ചെയ്യുന്ന സമയത്ത് ഖാലിദിന്റെയൊക്കെ ചേട്ടന്മാരുമായിട്ടായിരുന്നു എനിക്ക് കമ്പനി. ഷൈജു ഖാലിദ്, സമീര്‍ എന്നിങ്ങനെയായിരുന്നു സീനിയര്‍ ബാച്ച്. ഇവരുടെ ബാക്കില്‍ നടന്നിരുന്ന ആള്‍ക്കാരായിരുന്നു ഖാലിദ്.നമ്മുടെ അടുത്തേക്കൊന്നും വരില്ല. പുറകിലിരുന്ന് എന്തൊക്കെയേ കുശുകുശുക്കും.
പടം സംവിധാനം ചെയ്തപ്പോഴാണ് മനസിലായത് ഇവന്മാരുടെയൊന്നും അടുത്ത് നില്‍ക്കാനേ പറ്റിയവരല്ല നമ്മള്, വേഗം ഓടിപ്പോകാമെന്ന്. ഉണ്ട എന്ന സിനിമയിലേക്ക് ഒരു ക്യാരക്ടര്‍ തന്ന് വിളിച്ചപ്പോള്‍ ഞങ്ങളെയൊക്കെ ഹാന്‍ഡില്‍ ചെയ്യുന്ന രീതി കണ്ടപ്പോള്‍ മനസിലായി, എന്റെ ദൈവമേ ഇവര്‍ നമ്മുടെയൊക്കെ പ്രിന്‍സിപ്പാള്‍ ആണെന്ന്,’ ഷൈന്‍ ടോം ചാക്കോ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
അതേസമയം ‘ലവ്’ കൊറോണക്കാലത്ത്, വാടാ മച്ചാനെ നമുക്കൊരു സിനിമ ചെയ്യാമെന്ന് പറഞ്ഞ് ചെയ്ത സിനിമയാണെന്നും ലോകത്തെവിടെയും അത്തരത്തിലൊരു ഷൂട്ട് നടന്നിട്ടുണ്ടാകില്ലെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷൈന്‍ ടോം ചാക്കോയുടെ ഏറ്റവും പുതിയ ചിത്രം ജിന്ന് ഡിസംബര്‍ 30ന് റിലീസ് ചെയ്തിരിക്കുകയാണ്്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ആണ് കേന്ദ്ര കഥാപാത്രമായി എത്തിയത്.
Content Highlights: shine tom chacko about khalid rahman