നാനിയെ നായകനാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് ദസറ. ചിത്രത്തില്‍ നാനിയുടെ എതിരാളിയായി അഭിനയിക്കുന്നത് ഷൈന്‍ ടോം ചാക്കോയാണ്. ദസറയിലേക്ക് തന്നെ വിളിച്ചതിനെ കുറിച്ച് പറയുകയാണ് ഷൈനിപ്പോള്‍. ഒരുപാട് ഫൈറ്റും ഓവര്‍ എക്‌സ്പ്രഷനുമൊക്കെ ഇടേണ്ടി വരുമെന്നാണ് താന്‍ ആദ്യം കരുതിയതെന്നും എന്നാല്‍ താന്‍ വിചാരിച്ചത് പോലെയായിരുന്നില്ല തന്റെ കഥാപാത്രമെന്നും ഷൈന്‍ പറഞ്ഞു.
തന്നെക്കൊണ്ട് ഫൈറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും താനൊരു ബോഡി ബില്‍ഡറൊന്നും അല്ലെന്നും സംവിധായകനോടും അണിയറ പ്രവര്‍ത്തകരോടും പറഞ്ഞിരുന്നെന്നും ഷൈന്‍ പറഞ്ഞു. ദസറ സിനിമയുടെ റിലീസിനോട് ബന്ധപ്പെട്ട് വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്നെ സംബന്ധിച്ച് ഇത് വലിയൊരു സിനിമയാണ്. നാനിയുടെ ഓപ്പോസിറ്റായിട്ടാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. പൊതുവെ തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോള്‍ വില്ലന്മാര്‍ക്ക് ഒരുപാട് ഫൈറ്റൊക്കെ ചെയ്യണമല്ലോ. ആ സമയത്താണെങ്കില്‍ ഞാന്‍ തല്ലുമാലയൊക്കെ കഴിഞ്ഞ് ലിഗമെന്റിന് പ്രശ്‌നമായി ഇരിക്കുകയാണ്. അപ്പോള്‍ ഞാന്‍ ശ്രീകാന്തിനോട് പറഞ്ഞു എനിക്ക് ഓടിനടന്ന് ഫൈറ്റൊന്നും ചെയ്യാന്‍ പറ്റില്ലെന്ന്.
അതുപോലെ ഞാനൊരു ബോഡി ബില്‍ഡറൊന്നും അല്ലെന്നും എനിക്ക് ഒരുപാട് മസിലൊന്നും ഇല്ലെന്നും ഞാന്‍ പറഞ്ഞു. ഷൈന്‍ എങ്ങനെയാണോ ഇരിക്കുന്നത് അതുപോലെ തന്നെ വന്നാല്‍ മതിയെന്ന് ശ്രീകാന്ത് എന്നോട് പറഞ്ഞു. മസിലും ബോഡിയും ഒന്നും വേണ്ടെന്നും പറഞ്ഞു. വളരെ നോര്‍മലായിട്ടുള്ള മനുഷ്യന്‍ എന്ന രീതിയില്‍ തന്നെയാണ് അദ്ദേഹം ആ കഥാപാത്രത്തെ രൂപപ്പെടുത്തിയത്.
കൂടുതല്‍ എക്‌സ്പ്രഷന്‍സോ കാര്യങ്ങളോ ഒന്നും ആ കഥാപാത്രത്തിനില്ലായിരുന്നു. സാധാരണ നമ്മുടെയൊക്കെ വീട്ടില്‍ കാണുന്ന ഒരാളെ പോലെയുള്ള ഒരു കഥാപാത്രമായിരുന്നു അത്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ആദ്യത്തെ ശമ്പളം കിട്ടിയപ്പോള്‍ താന്‍ അത് എങ്ങനെയാണ് ചെലവഴിച്ചതെന്നും ഷൈന്‍ പറഞ്ഞു.
‘ആദ്യത്തെ സാലറിയായ 1500 രൂപ എനിക്ക് രണ്ട് മാസവും മൂന്ന് മാസവുമൊക്കെ ചെലവാക്കാനുള്ളതുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അന്നതൊരു വലിയ തുകയായിരുന്നു. പക്ഷെ ഇപ്പോള്‍ എത്ര കിട്ടിയാലും മതിയാകുന്നില്ല,’ ഷൈന്‍ പറഞ്ഞു.
content highlight: shine tom chacko about his new telung movie