സിനിമയില്‍ താന്‍ പറയുന്ന ഡയലോഗുകള്‍ വ്യക്തമല്ലെന്ന വിമര്‍ശനത്തെ കുറിച്ച് പ്രതികരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.
കുമാരി സിനിമ മുതലാണ് തന്റെ ഡബ്ബിങ് വ്യക്തമല്ലെന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ കേട്ടുതുടങ്ങിയതെന്നും വ്യക്തമായി സംസാരിക്കുന്ന കഥാപാത്രത്തിന് മാത്രമേ വ്യക്തതയോടെ ഡബ്ബ് ചെയ്യേണ്ടതുള്ളൂവെന്നുമാണ് ഷൈന്‍ ടോം പറയുന്നത്.
കുമാരിയിലെ കഥാപാത്രം വ്യക്തമായി സംസാരിക്കുന്ന ആളല്ലെന്നും അതുകൊണ്ട് തന്നെ ആ രീതിയില്‍ ഡബ്ബ് ചെയ്തതാണെന്നുമാണ് ഷൈന്‍ പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.
അക്ഷരസ്പുടതയല്ല സിനിമയ്ക്കാവശ്യമെന്നും വളരെ നല്ല വസ്ത്രം ധരിച്ച് ആക്ഷന്‍ ചെയുന്ന ആളല്ല നല്ല അഭിനേതാവെന്നും ബ്യൂട്ടിഫിക്കേഷന്‍ സിനിമയില്‍ വേണ്ടെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
‘സിനിമകള്‍ ഇറങ്ങിയതിനുശേഷം എന്റെ ഡയലോഗുകള്‍ക്ക് ക്ലാരിറ്റി ഇല്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഡയലോഗ് വ്യക്തമല്ല. കേള്‍ക്കുന്നില്ല എന്നാണ് വിമര്‍ശനം. വ്യക്തമായി സംസാരിക്കുന്ന കഥാപാത്രത്തെ മാത്രമേ നമുക്ക് വ്യക്തമായി കേള്‍ക്കാനും സാധിക്കുകയുള്ളു.
എല്ലാ കഥാപാത്രവും വ്യക്തതയോടുകൂടിയല്ല സംസാരിക്കുന്നത്. അങ്ങനെ സംസാരിക്കുമ്പോള്‍ അത് കഥാപാത്രമാകില്ല. ആ വ്യക്തി നല്ല വ്യക്തമായി ഡബ്ബ് ചെയ്യുന്നു എന്നെ പറയാന്‍ പറ്റുള്ളൂ. വ്യക്തത കൊടുക്കേണ്ട കഥാപാത്രങ്ങള്‍ക്ക് മാത്രമേ വ്യക്തത കൊടുക്കാന്‍ പാടുള്ളു.
നിങ്ങള്‍ക്ക് കേള്‍വിക്ക് വ്യക്തതയില്ലെങ്കില്‍ ആ കഥാപാത്രം അങ്ങനെയാണ് സംസാരിക്കുക എന്ന് നമ്മള്‍ മനസിലാക്കി എടുക്കണം. സ്പാനിഷ് സിനിമ കാണുമ്പോള്‍ നമ്മള്‍ അത് സംഭാഷണം കേട്ടിട്ടാണോ മനസിലാക്കുന്നത്. അല്ലല്ലോ.
ഈ ടോം ആന്റ് ജെറിയെല്ലാം അവര്‍ പറയുന്ന ഡയലോഗ് കേട്ടിട്ടാണോ നമ്മള്‍ മനസിലാക്കുന്നത്. എല്ലാവരും സ്പുടതയോടെ സംസാരിക്കുന്ന കഥാപാത്രങ്ങളായിരിക്കില്ല. അങ്ങനെ ചെയ്യാന്‍ നമുക്കറിയില്ല. ഞാന്‍ കുമാരി എന്ന ചിത്രത്തിലാണ് ഇങ്ങനെ കേള്‍ക്കാന്‍ തുടങ്ങിയത്. ആ സിനിമയില്‍ ആ കഥാപാത്രം ആദ്യമായി സംസാരിക്കുന്നത് അതില്‍ ഭാര്യയായി വന്ന ഐശ്വര്യ ചെയ്ത കഥാപാത്രത്തോടാണ്.
അങ്ങനെ ആദ്യമായി സംസാരിക്കുന്ന ഒരാള്‍ ഒരിക്കലും ചുണ്ടുവെച്ചായിരിക്കില്ല, ഉള്ളുവെച്ചായിരിക്കും സംസാരിക്കുക. അത് മനസിലാവണമെങ്കില്‍ ഉള്ളുവേണം. ഉള്ളില്ലാത്തവന്‍ അത് എങ്ങനെ മനസിലാക്കും.
ബോഡി ലാംഗ്വേജ് കൊണ്ടും സന്ദര്‍ഭങ്ങള്‍ കൊണ്ടും എതിര്‍ കഥാപാത്രത്തിന്റെ ഭാവങ്ങള്‍ കൊണ്ടുമൊക്കെയാണ് നമ്മള്‍ അത് മനസ്സിലാക്കി എടുക്കേണ്ടത്. അതിനെ ശരീരഭാഷയെന്ന് പറയും. അല്ലാതെ അക്ഷരസ്പുടതയല്ല സിനിമയ്ക്കാവശ്യം. വളരെ നല്ല വസ്ത്രം ധരിച്ച് കൃത്യതയോടെ ആക്ഷന്‍ ചെയ്യുന്ന ആളല്ല നല അഭിനേതാവ്. ബ്യൂട്ടിഫിക്കേഷനല്ല സിനിമയില്‍ വേണ്ടത്’, ഷൈന്‍ പറഞ്ഞു.
Content Highlight: Shine Tom Chacko about His Less Clarity on Dubbing