മതവും ദൈവവും തമ്മില്‍ ഒരു ബന്ധവുമില്ല; യേശുവിനെ വിളിക്കാന്‍ ബ്രോക്കര്‍മാരുടെ ആവശ്യമില്ല; മതത്തില്‍ നിന്ന് പുറത്തുകടന്നാല്‍ ദൈവത്തെ അറിയാം: ഷൈന്‍ ടോം ചാക്കോ
Entertainment news
മതവും ദൈവവും തമ്മില്‍ ഒരു ബന്ധവുമില്ല; യേശുവിനെ വിളിക്കാന്‍ ബ്രോക്കര്‍മാരുടെ ആവശ്യമില്ല; മതത്തില്‍ നിന്ന് പുറത്തുകടന്നാല്‍ ദൈവത്തെ അറിയാം: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th June 2022, 9:26 pm

മതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”നമ്മുടെ എല്ലാ ആലോചനകള്‍ക്കും ഒരു കടിഞ്ഞാണ്‍ ഇട്ടിട്ടുണ്ട്. അതിനപ്പുറത്തേക്ക് നമ്മള്‍ ചിന്തിക്കില്ല. മതവും ദൈവവും തമ്മിലുള്ള ബന്ധം, എന്തെങ്കിലും ബന്ധമുണ്ടോ?

ഞാന്‍ ക്രിസ്റ്റ്യന്‍ ആയതുകൊണ്ട് ക്രിസ്റ്റ്യാനിറ്റിയെക്കുറിച്ച് പറയാം. ക്രിസ്തുവും ക്രിസ്റ്റ്യാനിറ്റിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ക്രിസ്തു ക്രിസ്ത്യാനിയാണോ?

ക്രിസ്തു ഒരു യഹൂദനായിരുന്നു. ക്രിസ്തു മരിച്ചതിന് ശേഷമാണ് ക്രിസ്റ്റിയാനിറ്റി ഉണ്ടാകുന്നത്. അപ്പൊപ്പിന്നെ ക്രിസ്തുവും ക്രിസ്റ്റ്യാനിറ്റിയും തമ്മില്‍ എന്താണ് ബന്ധം?

മതവും ദൈവവും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരു ബന്ധമുണ്ട്, അതിനപ്പുറത്തേക്ക് നമ്മള്‍ ഒന്നും ചിന്തിക്കരുത്, ഒന്നും ചോദിക്കരുത് എന്ന് പറഞ്ഞുവെച്ചിരിക്കുകയാണ്.

ചിന്തിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ദൈവവുമായി ഏറ്റവും അടുപ്പമുള്ളത് നമുക്കാണ്, അവനവനാണ് ഉള്ളത്. അല്ലാതെ മതത്തിനല്ല.

ക്രിസ്തു ഇതാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. അവിടെ പുരോഹിതന്മാരുണ്ടായിരുന്നു. പക്ഷെ ക്രിസ്തു പറഞ്ഞത്, നിന്റെ സ്വര്‍ഗസ്ഥനായ പിതാവിനെ നീ വിളിക്ക് എന്നാണ്. അതിന്റെ ഇടയില്‍ ആരും വേണ്ട.

അതുകൊണ്ടല്ലേ പുള്ളിയെ പിടിച്ച് കുരിശില്‍ തറച്ചത്.

നീ നിന്റെ പിതാവിനെ വിളിക്ക്, അതിനിടയില്‍ ബ്രോക്കര്‍മാരുടെ ആവശ്യമില്ല. അങ്ങനെ വിളിക്കാന്‍ പറ്റാത്ത ആളുകളെ സഹായിക്കാന്‍ വേണ്ടിയാണ് ഈ ബ്രോക്കര്‍മാര്‍. പക്ഷെ അത് മുതലെടുക്കുന്ന സമയവുമുണ്ട്.

വിശ്വാസവും മതവും തമ്മില്‍ എന്താണ് ബന്ധം. മതവിശ്വാസത്തെക്കുറിച്ചാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ദൈവത്തെ അറിയണമെങ്കില്‍ മതത്തിന്റെ പുറത്ത് കടക്കണം. ഇതാണ് കിളിപോയത് എന്ന് പറയുന്ന ആള്‍ക്കാരുണ്ട്.

എല്ലാ മതപഠന ക്ലാസിലും പോയിട്ടുണ്ട്. പണ്ട് കല്യാണം കഴിക്കണമെങ്കില്‍ പ്ലസ്ടു വേദപാഠ സര്‍ട്ടിഫിക്കറ്റ് കിട്ടണം, എന്നാണ് പറഞ്ഞിരുന്നത്. അങ്ങനെ കല്യാണം കഴിക്കാന്‍ വേണ്ടി അത് ഉണ്ടാക്കി.

കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണ് എന്ന്. അതില്‍ നിന്നും ഊരിപ്പോരാന്‍ പെട്ട പാട് എനിക്കേ അറിയൂ.

കല്യാണം കഴിച്ച് കഴിഞ്ഞാലേ മനസിലാകൂ ഇത് എന്താണ് പരിപാടി എന്ന്, എല്ലാവരും പോയി കഴിക്കേണ്ട കാര്യമില്ല. പറ്റിയ ആളുകള്‍ പോയാല്‍ മതി. അല്ലെങ്കില്‍ ഭയങ്കര പ്രശ്‌നമാകും. പിള്ളേര് ഉണ്ടാകണം, എന്നാലേ പടം കാണാന്‍ ആള് കേറുള്ളൂ,” ഷൈന്‍ പറഞ്ഞു.

കൃഷ്ണ ശങ്കര്‍ നായകനായ കൊച്ചാള്‍ ആണ് ഷൈനിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. സണ്ണി വെയ്‌നൊപ്പം പ്രധാന വേഷം ചെയ്ത അടിത്തട്ടാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Content Highlight: Shine Tom Chacko about his concept of God and religion