|

ലോകത്തെ എല്ലാ തീവ്രവാദികളെയും കൊന്ന് നായകന്‍ ജയിക്കുന്നു, തീവ്രവാദികളെ അഞ്ച് മിനിട്ടുകൊണ്ട് ബ്രെയിന്‍വാഷ് ചെയ്യുന്നു; ഒരു പത്തുകൊല്ലം മുമ്പൊക്കെ ആളുകളിത് കണ്ടിരിക്കും: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ഷൈന്‍ ടോം ചാക്കോ.

വിജയ്- നെല്‍സണ്‍ ചിത്രം ബീസ്റ്റിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു.

സിനിമയില്‍ തീവ്രവാദികളായ കഥാപാത്രങ്ങളെ സ്റ്റീരിയോടൈപ്പ് ചെയ്ത് കാണിക്കുന്നതിനെക്കുറിച്ചും, ബീസ്റ്റ് സിനിമയെക്കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ഷൈന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”എല്ലാ തീവ്രവാദികളെയും കൊന്ന് നായകന്‍ ജയിക്കുക, ഇതൊക്കെ എന്താണ്. അത് സിനിമയുടെ ഭാവന, അല്ലെങ്കില്‍ നമുക്ക് ജീവിതത്തില്‍ ചെയ്യാന്‍ പറ്റാത്തത് കാണിക്കുക, എന്ന് പറഞ്ഞാണ് കാണിക്കുന്നത്.

പക്ഷെ കുറേക്കഴിഞ്ഞാല്‍ ആള്‍ക്കാര്‍ക്ക് ഇത് സഹികെടില്ലേ. ലോകത്തുള്ള എല്ലാ തീവ്രവാദികളെയും നായകന്‍ കൊല്ലുന്നു, തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നു, എന്നൊക്കെ പറഞ്ഞാല്‍ ഇപ്പോഴത്തെ പിള്ളേര് പോടാ അപ്പാ എന്ന് പറയും. അത്രേം പറയാന്‍ നിക്കില്ല പിള്ളേര്. ഒരു പത്ത് കൊല്ലം മുമ്പൊക്കെയാണെങ്കില്‍ ഇത് നമ്മള് കണ്ടിരിക്കും.

തീവ്രവാദികളെയൊന്നും അങ്ങനെ അഞ്ച് മിനിട്ടുകൊണ്ട് ബ്രെയിന്‍ വാഷ് ചെയ്ത് മാറ്റാന്‍ പറ്റില്ല. ചിലപ്പൊ തീവ്രവാദി അവനെ മാറ്റിക്കൊണ്ട് പോകും.

ഞാന്‍ അവരുടെ അടുത്ത് ആദ്യം പറഞ്ഞു, തീവ്രവാദി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്താ ഉദ്ദേശിക്കുന്നേ. 100 രൂപയോ 50 രൂപയോ കാണിക്കുമ്പൊ വളയുന്ന ലോക്കല്‍ ആള്‍ക്കാരല്ല. തീവ്രമായി ഒരു കാര്യത്തില്‍ വിശ്വസിച്ച്, മരിക്കുമ്പോള്‍ പോലും അതില്‍ തന്നെ വിശ്വസിക്കുന്നവരാണ്.

അവരുടെ അടുത്തൊക്കെ പോയി, ‘നിനക്ക് രാജ്യം, നിന്റെ കുട്ടിയെപ്പോലെ ആ കുട്ടിയെയും കാണുക, എന്നൊക്കെ പറഞ്ഞിട്ട്…

അതാ ഞാന്‍ പറഞ്ഞത് ഇവര്‍ക്കൊന്നും തീവ്രവാദവും അറിയില്ല, തീവ്രവാദിയെയും അറിയില്ല.

പക്ഷെ അതൊക്കെ ആളുകള്‍ക്ക് ചില സമയത്ത് ഇന്ററസ്റ്റിങ്ങായിരിക്കും, പക്ഷെ ഒരു നൂറ് വര്‍ഷവും ഇരുന്നൂറ് വര്‍ഷവും ഇതൊക്കെ തന്നെ കണ്ടോണ്ടിരിക്കാന്‍ പറ്റില്ലല്ലോ,” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

സണ്ണി വെയ്‌നൊപ്പം പ്രധാന വേഷത്തിലെത്തിയ അടിത്തട്ട് ആണ് ഷൈനിന്റെതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

Content Highlight: Shine Tom Chacko about Beast movie and the stereotypical portrayal of terrorists