[]ശ്രീനഗര്‍: പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ജമ്മുവിലെത്തി.
ഏറ്റവും കൂടുതല്‍ ആക്രമണമുണ്ടായ കശ്മീരിലെ സാംബാ മേഖലയിലാണ് അദ്ദേഹം ആദ്യം സന്ദര്‍ശനം നടത്തിയത്. ഷിന്‍ഡെ കാശ്മീരിലെത്തുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണ രേഖയില്‍ വീണ്ടും വെടിവെപ്പുണ്ടായി.
ആര്‍.എസ്. പുര മേഖലയിലാണ് വീണ്ടും വെടിവെപ്പുണ്ടായത്. ഒന്‍പത് ദിവസത്തിനിടെ ഇരുപത്തിയാറാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
സംസ്ഥാനത്തെയും അതിര്‍ത്തിയിലെയും സുരക്ഷാക്രമീകരണങ്ങളെപ്പറ്റി ഉദ്യോഗസ്ഥരുമായി ഷിന്‍ഡെ ചര്‍ച്ച നടത്തി. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്ന ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു.
പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തകര്‍ക്കുന്നതില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്നും ഷിന്‍ഡെ പറഞ്ഞു.