| Friday, 12th August 2022, 8:38 am

മന്ത്രിസഭാ വികസനം, പിന്നാലെ അതൃപ്തി; വിമതരോട് വാക്കുപാലിക്കാനാകാതെ കഷ്ടപ്പെട്ട് ഷിന്‍ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:: അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരമേറ്റ് 41 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു മന്ത്രിസഭ വികസനം നടത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ഷിന്‍ഡെ വിഭാഗത്തിലും ബി.ജെ.പിയിലും വലിയ അതൃപ്തി രൂപപ്പെട്ടിരുന്നു.

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കൂടെനിര്‍ത്തിയ ശിവസേന എം.എല്‍.എമാര്‍ക്കിടയില്‍ വാക്കു പാലിക്കാനാകാതെ പ്രയാസപ്പെടുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമത നീക്കത്തിനിടെ നാല്‍പതോളം എം.എല്‍.എമാരെ ഷിന്‍ഡെ തനിക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. എന്നാല്‍ ഷിന്‍ഡെ അധികാരത്തിലെത്തി ഏറെ ദിവസങ്ങള്‍ക്ക് ശേഷം നടന്ന മന്ത്രിസഭാ രൂപീകരണത്തിലും വിമതരില്‍ പലരേയും പരിഗണിച്ചിരുന്നില്ല.

ഇതിനെതിരെ മന്ത്രിസഭാ രൂപീകരണ ദിവസം തന്നെ ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന പ്രഹാര്‍ ജന്‍ശക്തി നേതാവ് ബച്ചു കദു ഷിന്‍ഡെയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിമത നീക്കം നടത്തുമ്പോള്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് ഷിന്‍ഡെ തനിക്ക് ഉറപ്പുനല്‍കിയിരുന്നു എന്നാണ് ബച്ചു കദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.

മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കി വിമതരാക്കി മാറ്റിയ എം.എല്‍.എമാര്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറു പാര്‍ട്ടി നേതാക്കള്‍ പോലും മന്ത്രിസ്ഥാനം നല്‍കാത്തതില്‍ കടുത്ത അതൃപ്തി അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മന്ത്രിസഭയില്‍ മൂന്നില്‍ രണ്ട് പങ്കാളിത്തമെന്ന ഷിന്‍ഡെയുടെ ആവശ്യവും പ്രധാന വകുപ്പുകള്‍ക്കായുള്ള വാദവും ബി.ജെ.പി അംഗീകരിക്കാത്തതാണ് ഷിന്‍ഡെയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിലവില്‍ ഇരുപക്ഷത്തുനിന്നും ഒമ്പത് വീതം മന്ത്രിമാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് വേണ്ട വകുപ്പുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

മന്ത്രിസഭാ വികസനത്തില്‍ ഷിന്‍ഡെ പുറത്തുവിട്ട പേരുകളില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കൂടെനിര്‍ത്തിയ പലരുടേയും പേരുകള്‍ ഉണ്ടായിരുന്നില്ല. ഇതിനെതിരെ തന്നെ വിമത വിഭാഗത്തിനുള്ളില്‍ അതൃപ്തി നിറഞ്ഞെങ്കിലും അടുത്ത മന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കുമെന്ന ഉറപ്പാണ് ഷിന്‍ഡെ വിമതര്‍ക്ക് നല്‍കുന്നത്.

അതേസമയം മന്ത്രിസഭാ വികസനത്തില്‍ വിമര്‍ശനവുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു.

വിമത എം.എല്‍.എമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ കൊല്ലുന്നതിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ അവര്‍ക്ക് അധികാരങ്ങള്‍ നല്‍കുന്നതിനെ ഉദ്ധരിച്ചായിരുന്നു താക്കറെ വിഭാഗത്തിന്റെ പരാമര്‍ശം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയ്ക്കെതിരെ മറാത്തി ഡെയ്‌ലിയും രംഗത്തെത്തിയിരുന്നു.
മന്ത്രിസഭാ വികസനത്തിന് മുമ്പ് ദേശീയ തലസ്ഥാനത്ത് പോയി ഏഴ് തവണ തലകുനിച്ച് നിന്നതിനായിരുന്നു മറാത്തി ഡെയ്‌ലിയുടെ വിമര്‍ശനം.

പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ കാരണം തന്നെ പുതിയ സര്‍ക്കാര്‍ അതിവേഗം നിലംപൊത്തുമെന്ന് നേരത്തെ ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

Content Highlight: Shinde under crisis as he failed to keep the promises given to rebel shivasena MLA’s

We use cookies to give you the best possible experience. Learn more