| Tuesday, 16th August 2022, 5:01 pm

ഞാന്‍ ജീവിക്കുന്ന മഹാരാഷ്ട്ര ഛത്രപതി ശിവാജിയുടേയും ബാലാ സാഹെബ് താക്കറെയുടേയും മണ്ണാണ്, അനീതിക്കെതിരെ ഇനിയും പോരാടും; കാറ്ററിങ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ വിശദീകരണവുമായി ഷിന്‍ഡെ വിഭാഗം എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് കാറ്ററിങ് മാനേജരെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി ശിവസേന ഷിന്‍ഡെ വിഭാഗം എം.എല്‍.എ സന്തോഷ് ബന്‍ഗാര്‍. അനീതികള്‍ക്കെതിരെ പോരാടേണ്ടത് സേനയുടെ ഉത്തരവാദിത്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബന്‍ഗാര്‍ രംഗത്തെത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയില്‍ തൊഴിലാളികള്‍ക്കുളള ഉച്ചഭക്ഷണ പരിപാടിക്കിടെയായിരുന്നു സംഭവം. ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയെന്നാരോപിച്ചായിരുന്നു സേന എം.എല്‍.എ കാറ്ററിങ് മാനേജരെ കയ്യേറ്റം ചെയ്തത്. ഭക്ഷണത്തെകുറിച്ച് തനിക്ക് പരാതി ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെന്നും ബന്‍ഗാര്‍ പറഞ്ഞു.

‘രാവും പകലും വ്യത്യാസമില്ലാതെ പണിയെടുക്കുന്ന തൊഴിലാളി വര്‍ഗത്തിന് വേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുക്കിയതാണ് ഉച്ചഭക്ഷണ പദ്ധതി. എന്നാല്‍ ചില കോണ്‍ട്രാക്ടര്‍മാര്‍ ഇവര്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് കൊടുക്കുന്നത്. ചിലര്‍ അതില്‍ നിന്ന് അഴിമതിയും നടത്തുന്നുണ്ട്. ഭക്ഷണത്തില്‍ കുക്കുമ്പറോ കാരറ്റോ ഉള്‍പ്പെടുത്തിയിട്ടില്ല. നിങ്ങള്‍ ഭക്ഷണം കണ്ടിരുന്നെങ്കില്‍ നിങ്ങളും ഇത് തന്നെയായിരിക്കും ചെയ്തിരിക്കുക,’ സന്തോഷ് ബന്‍ഗാറിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേയും നടപടിയെടുക്കുമെന്നുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തുമെന്നും ബന്‍ഗാര്‍ പറഞ്ഞു.

‘പതിനഞ്ച് ദിവസമായി ഞാന്‍ ഇക്കാര്യം കോണ്‍ട്രാക്ടറോടും മറ്റും സംസാരിക്കാന്‍ തുടങ്ങിയിട്ട്. പക്ഷേ ഒരു മാറ്റവും ഇതുവരെ നടന്നിട്ടില്ല. ഞാന്‍ ജീവിക്കുന്ന മഹാരാഷ്ട്ര ഛത്രപതി ശിവാജിയുടേയും ബാലാ സാഹെബ് താക്കറെയുടേയും മണ്ണാണ്. അനീതിക്കെതിരെ പോരാടുക എന്നത് ശിവസേനയുടെ ഉത്തരവാദിത്തമാണ്,’ ബന്‍ഗാര്‍ കൂട്ടിചേര്‍ത്തു.

താനൊരു ശിവസൈനികനാണെന്നും എന്തെങ്കിലും അനീതി കണ്ടാല്‍ അതിനെതിരെ പ്രതികരിക്കുമെന്നും ബന്‍ഗാര്‍ പറഞ്ഞു.

Content Highlight: Shinde group MLA reacts to viral video of beating vatering manager

We use cookies to give you the best possible experience. Learn more