| Monday, 30th September 2024, 6:31 pm

നാടന്‍ പശുക്കള്‍ക്ക് 'രാജ്യമാതാ' പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നാടന്‍ പശുക്കള്‍ക്ക് ‘സംസ്ഥാന മാത’ പദവി നല്‍കി ഷിന്‍ഡെ സര്‍ക്കാര്‍. തദ്ദേശീയ പശുക്കള്‍ക്ക് രാജ്യമാതാ-ഗോമാതാ എന്നീ പദവികളാണ് മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഉത്തരവ്.

സംസ്ഥാനത്തെ ക്ഷീരവികസന-മൃഗസംരക്ഷണ-കൃഷി-മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് പ്രഖ്യാപനം. വേദകാലഘട്ടം മുതല്‍ പശുവിന് നല്‍കുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് മഹായുതി സര്‍ക്കാറിന്റെ നീക്കം.

നാടന്‍ പശുവിന്റെ പാലിനുള്ള പ്രാധാന്യവും ആയുര്‍വേദം, ജൈവകൃഷി എന്നിവയിലെ പശു ചാണകത്തിന്റെ ഉപയോഗവുമാണ് തീരുമാനത്തിന് കാരണമായതെന്നും സര്‍ക്കാര്‍ അറിയിച്ചു. കുറഞ്ഞ വരുമാനമുള്ള ഫാമുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനുള്ള പദ്ധതികള്‍ അവതരിപ്പിക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

നാടന്‍ പശുക്കളെ പരിപാലിക്കാന്‍ പ്രതിദിനം 50 രൂപ സബ്സിഡി നല്‍കുന്ന പദ്ധതിയാണ് മഹായുതി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഏക്നാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

2019ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ നാടന്‍ പശുക്കളുടെ എണ്ണം 20.69 ആയി കുറഞ്ഞിരുന്നു. ഇത് പരിഹരിക്കാന്‍ കൂടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സബ്‌സിഡി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്ര ഗോസേവ കമ്മീഷനാണ് പദ്ധതിയുടെ ചുമതല.

പ്രസ്താവന പുറത്തുവിട്ടതിന് പിന്നാലെ, നാടന്‍ പശുക്കള്‍ കര്‍ഷകര്‍ക്ക് അനുഗ്രഹമാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. ഇക്കാര്യം കണക്കിലെടുത്ത് നാടന്‍ പശുക്കള്‍ക്ക് രാജ്യമാതാ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും ഫഡ്നാവിസ് പറഞ്ഞു.

1995ല്‍ അവതരിപ്പിച്ച മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ നിയമം അനുസരിച്ച് സംസ്ഥാനത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നു. മഹാരാഷ്ട്രയിലെ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാരായ ശിവസേന-ബി.ജെ.പി ഭരണകൂടമാണ് നിയമം അവതരിപ്പിച്ചത്.

തുടര്‍ന്ന് 2015 മാര്‍ച്ചില്‍ നിയമം പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. 2016 മെയ് മാസത്തില്‍ ബോംബെ ഹൈക്കോടതി നിയമം ശരിവച്ചെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ബീഫ് കഴിക്കുന്നത് നിയമപരമാണെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ബീഫ് കൈവശം വെക്കുന്നതിനെതിരെ നടന്ന അതിക്രമങ്ങളില്‍ ഫയല്‍ ചെയ്ത പരാതികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതി വിധി. എന്നാല്‍ ഇപ്പോഴും ബീഫ് കൈവശം വെച്ചതിന്റെ പേരിലും കഴിച്ചതിന്റെ പേരിലും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

Content Highlight: Shinde government has given the status of ‘state mother’ to indigenous cows

We use cookies to give you the best possible experience. Learn more