ഭോപ്പാല്‍: രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ഷിന്‍ഡെ വിഭാഗം ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്‌വാദ്. രാഹുല്‍ ഗാന്ധിയുടെ വിദേശസന്ദര്‍ശനത്തിലെ സംവരണത്തെ കുറിച്ചുള്ള പരാമര്‍ശത്തെ വ്യാഖ്യാനിച്ചുകൊണ്ടാണ് എം.എല്‍.എയുടെ പ്രസ്താവന. നേതാവിന്റെ വെല്ലുവിളി വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പിന്നോക്ക ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള സംവരണം അവസാനിപ്പിക്കാന്‍ രാഹുല്‍ഗാന്ധി ആഗ്രഹിക്കുന്നുണ്ടെന്നും അതിനാല്‍ സംവരണം അവസാനിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഗെയ്ക്‌വാദ് പറഞ്ഞു.
‘മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ രാജ്യത്താകമാനമുള്ള ജനങ്ങള്‍ സംവരണത്തിന് വേണ്ടി ആവശ്യപ്പെടുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംവരണം അവസാനിപ്പിക്കണമെന്ന് പ്രസ്താവന നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ വ്യാജ പ്രചാരണം നടത്തി. ഇന്ന് അദ്ദേഹം രാജ്യത്ത് സംവരണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സംസാരിക്കുകയും കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം കാട്ടി തരികയും ചെയ്തു. ഞാന്‍ വെല്ലുവിളിക്കുന്നു, എനിക്ക് വേണ്ടി രാഹുല്‍ഗാന്ധിയുടെ നാവ് വെട്ടി മാറ്റുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നു,’ ശിവസേന നേതാവ് ചൂണ്ടിക്കാട്ടി.
എന്നാല്‍ വിദേശ സന്ദര്‍ശനത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചാണ് നേതാവിന്റെ പ്രസ്താവന. സംവരണം നിര്‍ത്തേണ്ട കൃത്യമായ സ്ഥലത്ത് ഇന്ത്യ എത്തുമ്പോള്‍ അവസാനിപ്പിക്കുമെന്നും 90 ശതമാനം ആളുകള്‍ക്കും അവസരം നിഷേധിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
കൂടാതെ പൊലീസ് ഉദ്യോഗസ്ഥന്റെ ബാറ്റണ്‍ ഉപയോഗിച്ച് ഒരുകൂട്ടം ആളുകളെ ആക്രമിക്കുന്ന ഇയാളുടെ വീഡിയോയും വൈറലായതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് കാറ് കഴുകിക്കുന്ന വീഡിയോയും വൈറലായിരുന്നു. ഇത്തരത്തില്‍ നിരവധി പരാതികളും വിവാദങ്ങളും ശിവസേന എം.എല്‍.എയുടെ പേരില്‍ ഉണ്ടായിട്ടുണ്ട്.
അതേസമയം ബി.ജെ.പി-ശിവസേന സഖ്യകക്ഷികളായിട്ടുള്ള മഹാരാഷ്ട്രയില്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.