ആറ് റണ്‍സ് അകലെ സഞ്ജുവിന്റെ വജ്രായുധത്തെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ നേട്ടം!
Sports News
ആറ് റണ്‍സ് അകലെ സഞ്ജുവിന്റെ വജ്രായുധത്തെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd May 2024, 3:29 pm

2024 ഐ.പി.എല്ലില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് അവിസ്മരണീയമായ മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ ഒമ്പത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ടു വിജയവും ഒരു തോല്‍വിയും അടക്കം 16 പോയിന്റുമായി പ്ലേഓഫിലേക്ക് കുതിക്കുകയാണ് സഞ്ജുവും കൂട്ടരും.

ഇന്ന് നടക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ സഞ്ജുവിന് കൂട്ടര്‍ക്കും വിജയിക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫിലേക്ക് മുന്നേറുന്ന ആദ്യ ടീമായി മാറാന്‍ രാജസ്ഥാന് സാധിക്കും.

എന്നാല്‍ അതിനെല്ലാം ഉപരി സഞ്ജുവിന്റെ തുറുപ്പ് ചീട്ടായ ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍ ഒരു തകര്‍പ്പന്‍ നേട്ടത്തിനരികിലാണ്. താരത്തിന് ഇനി വെറും ആറ് റണ്‍സ് മാത്രം നേടിയാല്‍ ടി-20 ഫോര്‍മാറ്റില്‍ 4000 റണ്‍സ് തികക്കാനുള്ള അവസരമാണ് വന്നു ചേരുന്നത്.

താരം ഇതുവരെ ടി-20യില്‍ 211 മത്സരങ്ങളിലെ 191 ഇന്നിങ്‌സില്‍ നിന്ന് 3994 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. താരത്തിന് 100 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഉണ്ട്. 209 സിക്‌സും 277 ഫോറും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്. 26.45 ആവറേജിലാണ് താരത്തിന്റെ മിന്നും പ്രകടനം.

രാജീവ് ഗാന്ധി സറ്റേഡിയത്തില്‍ ഹൈദരബാദിനെതിരെ തുടര്‍ച്ചയായ വിജയം പ്രതീക്ഷിച്ചാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും നാലു തോല്‍വിയും അടക്കം 10 പോയിന്റുള്ള അഞ്ചാം സ്ഥാനത്തുള്ള ഹൈദരാബാദിനും ഇന്നത്തെ മത്സരം വളരെയധികം നിര്‍ണായകമാണ്.

 

Content Highlight: Shimron Hetmyre Need 4 Runs For Record Achievement