ധോണി ബഹുദൂരം പിന്നില്‍, കോഹ്‌ലിയെയും ധവാനെയും മറികടന്ന് ഒന്നാമനായി ഹെറ്റി
IPL
ധോണി ബഹുദൂരം പിന്നില്‍, കോഹ്‌ലിയെയും ധവാനെയും മറികടന്ന് ഒന്നാമനായി ഹെറ്റി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th April 2023, 6:08 pm

ഐ.പി.എല്ലില്‍ ഏറ്റവുമധികം അണ്ടര്‍ റേറ്റഡായ ഫിനിഷറാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വമ്പനടിവീരന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാനിലെത്തിയതിന് ശേഷം കണ്‍സിസ്റ്റന്‍സിയെ തന്നെ ഡിഫൈന്‍ ചെയ്ത പ്രകടനമാണ് താരം പുറത്തെടുത്തത്. ഐ.പി.എല്‍ 2022ല്‍ രാജസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്നും ഹെറ്റ്‌മെയര്‍ തന്നെയാണ്.

ഈ സീസണിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഹെറ്റ്‌മെയര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിര കാത്തുസൂക്ഷിക്കുന്ന ഹെറ്റിയില്‍ ആരാധകര്‍ അര്‍പ്പിക്കുന്ന വിശ്വാസം ചെറുതല്ല.

ടീമിന്റെ മുന്‍ നിര തകര്‍ന്നാലും മിഡില്‍ ഓര്‍ഡറില്‍ ഹെറ്റ്‌മെയര്‍ ഉണ്ടെന്നത് തന്നെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് നിരയെ കൂടുതല്‍ ശക്തമാക്കുന്നത്. തന്നിലര്‍പ്പിച്ച ദൗത്യം കൃത്യമായി തന്നെയാണ് ഹെറ്റ്‌മെയര്‍ പാലിച്ചുപോരുന്നതും.

ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ ബാറ്റേന്തിയപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് താരം പുറത്തായത്. അതാകട്ടെ റണ്‍ ഔട്ടിലൂടെയും. അതായത് ഈ സീസണില്‍ ഇതുവരെ ഒരിക്കല്‍പ്പോലും ഹെറ്റിയെ പുറത്താക്കാന്‍ ഒരു ബൗളര്‍ക്കും സാധിച്ചിട്ടില്ല.

22* (16), 36 (18), 39* (21), 30* (18), 56* (26) എന്നിങ്ങനെയാണ് ഈ സീസണിലെ അഞ്ച് മത്സരത്തില്‍ നിന്നും ഹെറ്റ്‌മെയര്‍ സ്വന്തമാക്കിയത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലും മികച്ച പ്രകടനമാണ് താരം നടത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണൊപ്പം നടത്തിയ ചെറുത്തുനില്‍പ്പാണ് രാജസ്ഥാനെ തോല്‍വിയില്‍ നിന്നും കരകയറ്റിയത്.

26 പന്ത് നേരിട്ട് പുറത്താകാതെ 56 റണ്‍സാണ് താരം നേടിയത്. രണ്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടെ 215.88 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

ഈ വെടിക്കെട്ടിന് പിന്നാലെ ബാറ്റിങ് ആവറേജിലും വമ്പന്‍ കുതിച്ചുചാട്ടമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ജേഴ്‌സി നമ്പര്‍ 189കാരന്‍ നടത്തിയത്. അഞ്ച് മത്സരത്തില്‍ നിന്നും 183 റണ്‍സടിച്ച താരത്തിന്റെ ബാറ്റിങ് ആവറേജ് 183.00 ആണ്. ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാരനും ഹെറ്റി തന്നെ.

പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍ ശിഖര്‍ ധവാനാണ്. 116.50 എന്ന ബാറ്റിങ് ആവറേജാണ് ധവാനുള്ളത്. 96 എന്ന ബാറ്റിങ് ആവറേജോടെ ഡേവിഡ് മില്ലര്‍ മൂന്നാമതും 71.33 എന്ന ബാറ്റിങ് ആവറേജോടെ വിരാട് കോഹ്‌ലി നാലാം സ്ഥാനത്തുമാണ്.

പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് എം.എസ് ധോണി. 58 എന്ന ബാറ്റിങ് ആവറേജാണ് നിലവില്‍ ധോണിക്കുള്ളത്.

(പട്ടികയുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

 

 

Content Highlight: Shimron Hetmyer surpasses Virat Kohli and Shikhar Dhawan to top in Batting Average