| Tuesday, 4th October 2022, 9:24 am

ലോകകപ്പില്‍ സഞ്ജുവിനെ ഒഴിവാക്കാന്‍ കാരണമുണ്ടായിരുന്നില്ല, സഞ്ജുവിന്റെ ചെക്കനെ ഒഴിവാക്കിയതിന് വമ്പന്‍ കാരണവും; ചര്‍ച്ചയായി RR താരത്തിന്റെ പുറത്താകല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് പുറത്താക്കിയത് ചര്‍ച്ചയായിരിക്കുന്നത് ഇന്ത്യയില്‍ കൂടിയാണ്. ഫ്‌ളൈറ്റ് മിസായതിനെ തുടര്‍ന്നായിരുന്നു ഹിറ്റ്‌മെയര്‍ക്ക് ടീമില്‍ നിന്നും പുറത്തുപോകേണ്ടി വന്നത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ഇന്ത്യയിലും ആരാധകരേറെയാണ്. സഞ്ജു സാംസണൊപ്പം ബാറ്റേന്താറുള്ള താരത്തിന്റെ പുറത്താകലിന് പിന്നാലെ സഞ്ജുവും ചര്‍ച്ചകളിലേക്ക് എത്തിയിരിക്കുകയാണ്.

സഞ്ജുവിനും ലോകകപ്പ് സ്‌ക്വാഡില്‍ അവസരം ലഭിച്ചില്ലെന്നും ഇപ്പോള്‍ ക്രീസിലെ കൂട്ടുകാരനായ ഹെറ്റ്‌മെയര്‍ക്കും സമാനമായ അനുഭവമുണ്ടായിരിക്കുകയാണെന്നും ചിലര്‍ പറയുന്നു. എന്നാല്‍ സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഹെറ്റ്‌മെയറുടെ കയ്യിലിരിപ്പ് കൊണ്ടാണ് പുറത്തായതെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഒക്ടോബര്‍ 16ന് മുതലാണ് പുരുഷ ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇതിന് മുന്‍പ് വെസ്റ്റ് ഇന്‍ഡീസ്-ഓസ്ട്രേലിയ ടി20 പരമ്പര നടക്കുന്നുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് ആദ്യ മത്സരം. അതുകൊണ്ട് തന്നെ, കരീബിയന്‍ പ്രീമിയര്‍ ലീഗ് ശനിയാഴ്ച അവസാനിച്ചതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഓസ്ട്രേലിയയിലേക്ക് എത്താന്‍ തുടങ്ങിയിരുന്നു.

ഒക്ടോബര്‍ ഒന്നിനായിരുന്നു ഹെറ്റ്മെയര്‍ക്ക് ഓസ്ട്രേലിയയിലേക്കുള്ള ഫ്ളൈറ്റ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ചില വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാല്‍ അന്ന് പോകാനാകില്ലെന്ന് ഷിംറോണ്‍ അറിയിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ഒക്ടോബര്‍ മൂന്നിലേക്ക് റീഷെഡ്യൂള്‍ ചെയ്തു.

എന്നാല്‍ മൂന്നാം തിയതി കൃത്യസമയത്ത് എയര്‍പോര്‍ട്ടിലെത്താന്‍ കഴിഞ്ഞില്ലെന്ന് ഹെറ്റ്മെയര്‍ പിന്നീട് അറിയിച്ചു. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ജിമ്മി ആഡംസ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

മൂന്നാം തിയതിയും എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമിലുണ്ടാകില്ലെന്ന് ഹെറ്റ്മെയറെ നേരത്തെ തന്നെ അറിയിച്ചിരുന്നെന്നും ആഡംസ് പറഞ്ഞു. ഷമാറ ബ്രൂക്സ് ആണ് ഹെറ്റ്മെയര്‍ക്ക് പകരം ടീമിലെത്തുന്നത്.

കരീബിയന് പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമാണ് ബ്രൂക്സ് നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഹെറ്റ്മെയര്‍ക്ക് പകരക്കാരനായി താരം എത്തുന്നതില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിട്ടില്ല.

അതേസമയം സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വലിയ വിമര്‍ശനമാണ് സെലക്ഷന്‍ കമ്മിറ്റിക്കെതിരെ ഉയരുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ സ്‌ക്വാഡ് പ്രഖ്യാപിച്ച ശേഷവും വിമര്‍ശനമുയര്‍ന്നിരുന്നു.

പരമ്പരയില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ ഡെപ്യൂട്ടിയായി സഞ്ജു സാംസണ്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യ എ ടീമിന്റെ നായക സ്ഥാനമേല്‍പിച്ചതും, താരം ആ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചതും ആ റിപ്പോര്‍ട്ടുകളെ വിശ്വസനീയമാക്കിയിരുന്നു.

എന്നാല്‍ സഞ്ജുവിന് പകരം ശ്രേയസ് അയ്യരെയായിരുന്നു വൈസ് ക്യാപ്റ്റനാക്കിയത്. വിക്കറ്റ് കീപ്പറുടെ റോളിലാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്.

Content Highlight: Shimron Hetmyer dropping out of World Cup Squad brings back discussion on Sanju Samson

We use cookies to give you the best possible experience. Learn more