ഐ.പി.എല്ലില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിംഗ് ഇലവനില്‍ നിന്നും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജിമ്മി നിഷം പുറത്തായേക്കും. രാജസ്ഥാന്റെ കരീബിയന്‍ സെന്‍സേഷന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ടീമില്‍ മാറ്റം വരുന്നത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹെറ്റ്‌മെയര്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. തന്റെ കുട്ടിയുടെ ജനനവുമായി തന്റെ സ്വന്തം നാടായ ഗയാനയിലേക്ക് മടങ്ങിയ താരം ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചെത്തിയിരുന്നു. ടീമിന്റെ ബയോ ബബിളില്‍ പ്രവേശിച്ച ഹെറ്റ്‌മെയര്‍ പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഹെറ്റ്‌മെയര്‍ തിരിച്ചെത്തുന്നതോടെ ടീമിന്റെ മധ്യനിര കൂടുതല്‍ ശക്തമാകും. ഐ.പി.എല്ലില്‍ ഏറ്റവുമധികം പ്രഹരശേഷിയുള്ള ബാറ്ററില്‍ ഒരാളായ ഹെറ്റ്‌മെയറെത്തുന്നതോടെ ഫിനിഷറുടെ ഭാവവും രാജസ്ഥാന്‍ നികത്തിയിരിക്കുകയാണ്.
ഹെറ്റ്‌മെയര്‍ തിരിച്ചെത്തിയതോടെ പുതിയൊരു പ്രശ്‌നവും രാജസ്ഥാന്‍ ടീമില്‍ ഉടലെടുത്തിരിക്കുകയാണ്. നാല് വിദേശ താരങ്ങളെ മാത്രമേ കളിപ്പിക്കാനാവൂ എന്ന ഐ.പി.എല്‍ നിയമമാണ് ഇപ്പോള്‍ രാജസ്ഥാന്റെ മുന്നില്‍ പ്രശ്‌നമായി ഉദിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, ജിമ്മി നീഷം, ഒബെഡ് മക്കോയ് എന്നിവരായിരുന്നു രാജസ്ഥാന്‍ നിരയിലുണ്ടായിരുന്നത്. ഇതില്‍ ബട്‌ലറും ബോള്‍ട്ടും ടീമിലുണ്ടാവുമെന്നും ഉറപ്പാണ്.
കഴിഞ്ഞ മത്സരത്തില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മക്കോയ്‌യും ടീമിനൊപ്പമുണ്ടാവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ നീഷം തന്നെയാവും പുറത്തിരിക്കേണ്ടി വരിക.
മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടാണ് രാജസ്ഥാന്റെ അവസാന ഗ്രൂപ്പ് മത്സരം. പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച രാജസ്ഥാന്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. ചെന്നൈയ്‌ക്കെതിരെയുള്ള മത്സരം ജയിക്കാനായാല്‍ പ്ലേ ഓഫും പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനവും ടീമിന് ഉറപ്പിക്കാം.
ഒരുപക്ഷേ ചെന്നൈയോട് തോറ്റാലും രാജസ്ഥാന് പ്ലേ ഓഫില്‍ കയറാം. നെറ്റ് റേറ്റിനെ ബാധിക്കുന്ന രീതിയില്‍ വന്‍ മാര്‍ജിനില്‍ തോല്‍വി വഴങ്ങരുതെന്ന് മാത്രം. എങ്കിലും അവസാന മത്സരം ജയിച്ച് ആധികാരികമായി തന്നെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് രാജസ്ഥാന്‍ ശ്രമിക്കുന്നത്.