കോഴിക്കോട്: എസ്.ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി ഡോ.ഷിംന അസീസ്. തങ്ങള്‍ക്ക് പഠിക്കാന്‍ ചെലവാക്കുന്ന ഭീമമായ തുക ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ പക്കല്‍ നിന്നും വാങ്ങാമെന്ന് കരുതുന്ന ഒരു തലമുറയാണിന്ന് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് നേരത്തെ ശാരദക്കുട്ടി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഷിംന രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഷിംനയുടെ മറുപടി.
“നിങ്ങള്‍ പറഞ്ഞ് വെച്ച “സ്വാശ്രയ കോളേജില്‍ പഠിച്ച ഡോക്ടര്‍മാരുടെ ഫീസ് മുതലാക്കല്‍, കൊള്ളക്കാരെ സമൂഹത്തിലേക്ക് തുറന്ന് വിടല്‍” തുടങ്ങിയ പ്രസ്താവനകളോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. നിങ്ങളുടെ മുന്‍വിധികളെ അഴിച്ചുവിടാനും അത് പ്രസിദ്ധീകരിക്കാനും എടുക്കുന്നതിന്റെ പകുതി ഊര്‍ജം മതിയായിരുന്നല്ലോ ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുമായി നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍.” എന്നായിരുന്നു ഷിംനയുടെ മറുപടി.
“തങ്ങള്‍ക്ക് പഠിക്കാന്‍ ചെലവാക്കുന്ന ഭീമമായ തുക ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ പക്കല്‍ നിന്നും വാങ്ങാമെന്ന് കരുതുന്ന ഒരു തലമുറയാണിന്ന് ഉണ്ടായി കൊണ്ടിരിക്കുന്നത്. അതില്‍ അത്ര അത്ഭുതപ്പെടരുത്. കാരണം അത്ര വലിയ തുകയാണ് പ്രതിവര്‍ഷം നല്‍കി അവര്‍ തങ്ങളുടെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. സമൂഹത്തിലേക്ക് ഒരു കൂട്ടം കൊള്ളക്കാരെ തുറന്നു വിടുന്നതിന് തുല്യമാണത്.” എന്നായിരുന്നു ശാരദക്കുട്ടിയുടെ പ്രസ്താവന.
നിങ്ങള്‍ക്ക് കൊള്ള നടത്തുന്ന ഡോക്ടര്‍മാരെ അറിയുമായിരിക്കാം. അങ്ങനെയുള്ളവരുണ്ടെന്നത് നിഷേധിച്ച് കണ്ണടച്ച് ഇരുട്ടാക്കുന്നില്ല. പക്ഷേ, അവര്‍ പഠിച്ച കോളേജല്ല അവരെ അങ്ങനെയാക്കുന്നത്, അവരുടെ മനോഭാവമാണ്. സ്വാശ്രയത്തില്‍ പഠിച്ചവരെ മുഴുവന്‍ അങ്ങനെയങ്ങ് കരിവാരിത്തേക്കാതെ…ഞങ്ങളും അതേ എം.ബി.ബി.എസ് അതേ ആരോഗ്യസര്‍വ്വകലാശാലക്ക് കീഴില്‍ പഠിച്ച് പാസ്സാകുന്നവരാണെന്ന് ഷംന മറുപടി നല്‍കുന്നു.
ഷിംനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശ്രീമതി എസ്. ശാരദക്കുട്ടി മാഡം/സമാന ചിന്താഗതിയുള്ളവര്‍ക്ക്…
നിങ്ങള്‍ പറഞ്ഞ് വെച്ച “സ്വാശ്രയ കോളേജില്‍ പഠിച്ച ഡോക്ടര്‍മാരുടെ ഫീസ് മുതലാക്കല്‍, കൊള്ളക്കാരെ സമൂഹത്തിലേക്ക് തുറന്ന് വിടല്‍” തുടങ്ങിയ പ്രസ്താവനകളോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. നിങ്ങളുടെ മുന്‍വിധികളെ അഴിച്ചുവിടാനും അത് പ്രസിദ്ധീകരിക്കാനും എടുക്കുന്നതിന്റെ പകുതി ഊര്‍ജം മതിയായിരുന്നല്ലോ ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുമായി നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍.
നിങ്ങള്‍ക്ക് കൊള്ള നടത്തുന്ന ഡോക്ടര്‍മാരെ അറിയുമായിരിക്കാം. അങ്ങനെയുള്ളവരുണ്ടെന്നത് നിഷേധിച്ച് കണ്ണടച്ച് ഇരുട്ടാക്കുന്നില്ല. പക്ഷേ, അവര്‍ പഠിച്ച കോളേജല്ല അവരെ അങ്ങനെയാക്കുന്നത്, അവരുടെ മനോഭാവമാണ്. സ്വാശ്രയത്തില്‍ പഠിച്ചവരെ മുഴുവന്‍ അങ്ങനെയങ്ങ് കരിവാരിത്തേക്കാതെ…ഞങ്ങളും അതേ MBBS അതേ ആരോഗ്യസര്‍വ്വകലാശാലക്ക് കീഴില്‍ പഠിച്ച് പാസ്സാകുന്നവരാണ്.
സര്‍ക്കാര്‍ സര്‍വ്വീസ് ആശിക്കുന്ന, സ്വന്തമാക്കാന്‍ ആഞ്ഞ് ശ്രമിക്കുന്ന സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ആദ്യമായി കിട്ടുന്ന ഔദ്യോഗിക ജോലി സര്‍ക്കാരില്‍ വേണമെന്ന നിര്‍ബന്ധത്തില്‍ കാത്തിരിക്കുന്ന ഡോക്ടറാണ് ഇതെഴുതുന്നത്. അടുത്ത മാസത്തോടെ കരാര്‍ അടിസ്ഥാനത്തിലെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കയറാന്‍ തീരുമാനിച്ചതും ആത്മാര്‍ത്ഥമായ ആഗ്രഹത്തിന്റെ പേരിലാണ്. ഞാന്‍ കൊടുത്ത ഫീസ് “മുതലാക്കാന്‍” ആ ജോലി എത്ര കാലം ചെയ്യണമെന്നറിയാമോ?
ശരി, നിങ്ങളെന്റെ അഞ്ചര വര്‍ഷത്ത ഫീസായി എനിക്ക് ഏകദേശം അന്‍പത് ലക്ഷം രൂപ വിലയിട്ടെന്ന് വെക്കുക, എന്റെ അധ്വാനത്തിന് എന്ത് വിലയിടും? എന്റെ പുസ്തകങ്ങളുടെ/പഠനോപകരണങ്ങളുടെ വില? എന്റെ അഞ്ചര വര്‍ഷത്തെ വണ്ടിക്കൂലി? ഞാന്‍ ഹോസ്റ്റലില്‍ നിന്നിരുന്നെങ്കില്‍ എന്റെ ഹോസ്റ്റല്‍ ഫീസ്, മെസ്സ് ഫീസ്? എന്റെ മറ്റ് ചിലവുകള്‍? ഇതെല്ലാം ചേര്‍ത്തുണ്ടാക്കാന്‍ അല്ല മാഡം ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് തുനിഞ്ഞിറങ്ങിയത്. ഇന്നത്തെ സാഹചര്യത്തില്‍ അതിനൊട്ട് സാധിക്കുകയുമില്ല. ഡോക്ടര്‍മാര്‍ പണത്തിന് മുകളില്‍ പള്ളി കൊള്ളുന്നവരല്ല.
മാഡത്തിനറിയാമോ ഒരു മനുഷ്യന്‍ കണ്‍മുന്നില്‍ കുഴഞ്ഞ് മരിക്കും വരെ അയാളെ തിരിച്ച് കിട്ടാന്‍ ശ്രമിക്കുന്ന വ്യഥ? അവരുടെ ബന്ധുക്കളെ രോഗകാഠിന്യത്തിന്റെ വിവരമറിയിക്കാന്‍ ചെല്ലുമ്പോള്‍ വാക്കുകള്‍ പുറത്ത് വരാത്ത വിങ്ങലും വിറയലും അറിയാമോ? വിവരം കേട്ട് കൈയിലേക്ക് തളര്‍ന്ന് വീണ ബന്ധുവിനെ നോക്കണോ അപ്പുറത്ത് ജീവനും മരണത്തിനും ഇടയില്‍ കിടക്കുന്ന രോഗിയെ നോക്കണോ എന്നറിയാതെ അന്തിച്ചു നിന്നിട്ടുണ്ടോ? (ആ സമയത്തൊന്നും പുട്ടടിക്കാന്‍ കാശുണ്ടാക്കണമെന്ന് മനസ്സില്‍ തോന്നില്ല. അങ്ങനെ തോന്നുന്നവരുണ്ടാകാം, ആ ചെറിയ കൂട്ടത്തെ ഡോക്ടറെന്ന് പോയിട്ട് മനുഷ്യനെന്ന് പോലും വിളിക്കരുത്.) രോഗി payment patient ആണെന്ന് അറിയുമ്പോള്‍ എഴുതാതെ വിട്ട ടെസ്റ്റുകളുടെ കണക്കറിയാമോ? എഴുതുന്നതിലും കൂടുതലാണ് ഞങ്ങള്‍ എഴുതാത്തവ. ഞങ്ങളുടെ അദ്ധ്യാപകര്‍ പഠിപ്പിച്ചത് അതാണ്. തുടരാന്‍ പോകുന്നതും അത് തന്നെ.
ഫീസ് പതിനൊന്ന് ലക്ഷമാക്കുന്നതിലെ അന്യായത്തിനെതിരെ ഇവിടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? അവരോരോരുത്തും പേരും വിലാസവും കൈയ്യൊപ്പും വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അപേക്ഷ അയച്ചത് അറിഞ്ഞിരുന്നോ?…ഞങ്ങളുടെ തൊഴിലിന്റെ മാന്യത നിലനിര്‍ത്താന്‍ പഠനസമയത്തേ ഞങ്ങള്‍ ശ്രദ്ധ ചെലുത്തുന്നു എന്നര്‍ത്ഥം. കാര്യമറിയാതെ സംസാരിക്കരുത്.
ഇത്രയൈന്നും എഴുതണമെന്ന് കരുതിയതല്ല.പറയിച്ചിട്ടാണ്…നിങ്ങളെപ്പോലുള്ളവര്‍ പറയിപ്പിക്കുന്നതാണ്.
സമൂഹത്തില്‍ നിലയും വിലയുമുള്ളവര്‍ കൂടി ഇത് ഏറ്റുപാടുമ്പോള്‍ വലിയ വിഷമമുണ്ട് മാഡം. ഞങ്ങളൊക്കെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ ആശിച്ചവര്‍ തന്നെയാണ്. ചെറിയ റാങ്ക് വ്യത്യാസത്തില്‍ ആ ഭാഗ്യം നഷ്ടപ്പെട്ടവരാണ്. ആതുരസേവനത്തിലേക്ക് മോഹിച്ച് വന്നവരാണ്(അല്ലാത്തവര്‍ ന്യൂനപക്ഷം മാത്രം) …വര്‍ഷങ്ങളോളം ഊണും ഉറക്കവും നഷ്ടപ്പെടുത്തി അധ്വാനിച്ച് നേടിയ ഡിഗ്രിയാണ്…
വന്ദിക്കണമെന്ന് പറയില്ല.
നിന്ദിക്കരുത്.
ബഹുമാനപൂര്‍വ്വം,
Dr.Shimnazeez