| Friday, 20th March 2020, 10:33 pm

ഓര്‍ക്കുക, ക്വാറന്റിന്‍ പറയുന്നത് നിങ്ങളെ മാത്രം സംരക്ഷിക്കാനല്ല, സമൂഹത്തിനു വേണ്ടി കൂടിയാണ്

ഡോ. ഷിംന അസീസ്

കാസര്‍ഗോഡ് COVID 19 പോസിറ്റീവ് ആയ വ്യക്തി നേരിട്ട് സമ്പര്‍ക്കം ചെലുത്തിയവരുടെ എണ്ണം മാത്രം ആയിരത്തിഅഞ്ഞൂറ് കടക്കുമത്രെ. അതില്‍ രണ്ടു ജനപ്രതിനിധികളും ഉള്‍പ്പെടുന്നു.

മലപ്പുറത്ത് വളരെ പരിമിതമായി മാത്രം പൊതുജന സമ്പര്‍ക്കം ഉണ്ടായിട്ടുള്ള രണ്ടു പോസിറ്റീവ് കേസുകളുടെ കോണ്ടാക്റ്റ് ട്രേസ് ചെയ്യുന്ന നേരത്ത് പോലും ഓരോയിടത്തു നിന്നും പൊങ്ങി വന്ന പുതിയ പേരുകള്‍ വല്ലാത്ത ഭയം നല്‍കിയിരുന്നു.

റൂട്ട് മാപ്പിലെ ഓരോ സ്റ്റേഷനിലും ആളുകളുടെ എണ്ണം കൂടുമ്പോള്‍ ‘എന്ത് ചെയ്യും ദൈവമേ’ എന്ന് കരുതി ടൈപ് ചെയ്ത് കൊണ്ടിരിക്കുന്ന വേര്‍ഡ് ഫയല്‍ നോക്കി അന്ധാളിച്ച് ഇരുന്നിട്ടുണ്ട്. ഉംറ കഴിഞ്ഞു വന്നവരാണ് ഇവിടെ രണ്ടു പേരും.

കാസര്‍ഗോഡ് കോവിഡ് പോസിറ്റീവ് ആയ വ്യക്തി വളരെ ആക്റ്റീവ് ആയി ഓടിനടക്കുന്ന ഒരാളാണ്, അയാള്‍ ഫുട്‌ബോള്‍ മാച്ചിന്റെ വേദിയില്‍ പോയിട്ടുണ്ട് എന്നു കണ്ടു. ഇത്രയധികം പൊതുപരിപാടികളില്‍ നിന്ന് ആരെയൊക്കെ ട്രേസ് ചെയ്യും? എവിടെയൊക്കെ കേറി ആരെയൊക്കെ കണ്ടു, തൊട്ടു, പരിചയം പുതുക്കി, സ്നേഹം പ്രകടിപ്പിച്ചു എന്ന് എങ്ങനെ ഓര്‍ത്തെടുക്കും? ആരെയൊക്കെ ലിസ്റ്റില്‍ മിസ്സ് ചെയ്യും? എത്ര പോസിറ്റിവ് കേസുകളെയാവും ഇങ്ങനെ പടര്‍ന്നിട്ടുണ്ടാവുക! ഊഹിക്കാവുന്നതിനപ്പുറമാണ് സ്ഥിതി…

ഓര്‍ക്കുക, ക്വാറന്റിന്‍ പറയുന്നത് നിങ്ങളെ മാത്രം സംരക്ഷിക്കാനല്ല, സമൂഹത്തിനു വേണ്ടി കൂടിയാണ്. ഒളിച്ചിരിക്കല്‍ അല്ല അത്, ഉണര്‍ന്നിരിക്കലാണ്.

വല്ലാത്ത സമ്മര്‍ദത്തിലേക്ക് തന്നെയാണ് ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരും നമ്മളെ നോക്കുന്ന ഭരണസംവിധാനവും ഊര്‍ന്നു വീണു കൊണ്ടിരിക്കുന്നത്. ദയവായി നിങ്ങള്‍ക്ക് ലഭിക്കുന്ന കൊറോണ രോഗസംബന്ധമായ നിര്‍ദേശങ്ങള്‍ കണിശമായി പാലിക്കുക.

അവിടവിടെ എടുക്കുന്ന എന്തെങ്കിലും ചെറിയ സ്റ്റെപ്പുകളോ, ഒരു ചെറിയ സമയം കൊണ്ടവസാനിക്കുന്ന പ്രവര്‍ത്തികളോ കൊണ്ട് ഇത് തടയാനാവില്ല, സ്ഥിതിഗതികളെല്ലാം നിയന്ത്രണവിധേയമായി എന്നുറപ്പുവരുന്നത് വരെ തുടര്‍ച്ചയായി കൂട്ടായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാവൂ.

നേരം പോകുംതോറും കാര്യങ്ങള്‍ കൈ വിട്ടു പോയേക്കാം…

രോഗം പടര്‍ത്തുന്ന ചങ്ങലയിലെ കണ്ണികള്‍ ആവാതിരിക്കാം. ജാഗ്രതയോടെയിരിക്കാം.

ഡോ. ഷിംന അസീസ്

We use cookies to give you the best possible experience. Learn more