കോഴിക്കോട്: ഓച്ചിറയില്‍ ചികിത്സാകേന്ദ്രത്തില്‍ വെച്ച് വൃക്കരോഗിയായ 27കാരന്‍ മരണപ്പെട്ട വിഷയത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും വിമര്‍ശനവുമായി യുവ ഡോക്ടര്‍മാര്‍.
ഡയാലിസിസും വൃക്കമാറ്റി വയ്ക്കലുമൊന്നുമില്ലാതെ രോഗം പൂര്‍ണമായി മാറ്റാം എന്ന ഉറപ്പിലാണ് വിനീത് എന്ന 27 കാരനെ അഡ്മിറ്റ് ചെയ്തതെന്നും ഓച്ചിറയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജവൈദ്യന്റെ ചികിത്സാകേന്ദ്രത്തില്‍ വെച്ച് അശാസ്ത്രീയ ചികിത്സാപരീക്ഷണത്തിന് ഇരയായി മാര്‍ച്ച് 4 ന് വിനീത് “മരണ”പ്പെട്ടുവെന്ന് ഡോക്ടര്‍ ഷിംന അസീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം പുറത്തറിയിച്ചില്ല. വിനീതിന്റെ ബന്ധുക്കളെ യഥാസമയം വിവരമറിയിക്കാന്‍ പോലും വിമുഖത കാണിച്ചു.
നാട്ടുകാര്‍ പ്രശ്‌നമാക്കിയതിനെ തുടര്‍ന്ന് മാര്‍ച്ച് 5-ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു.
ഒരു വിവാദവും ഇല്ല. കൈയ്യേറ്റവും ഇല്ല. പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയുമില്ല.27 വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് ഇല്ലാതായത്. ഇത് ഒരു സാധാരണ മരണമല്ല, ഇതൊരു കൊലപാതകമാണ്. ശരിയായ ചികിത്സ ലഭിച്ചാല്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ട ഒരു ചെറുപ്പക്കാരനാണ് ഇല്ലാതായതെന്നും ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഈ കൊലപാതകത്തില്‍ ധാരാളം കൂട്ടുപ്രതികളുണ്ട്. ക്യാന്‍സറും സോറിയാസിസും വൃക്ക സംബന്ധമായ അസുഖങ്ങളും മാറ്റാന്‍ വ്യാജ വൈദ്യന്റെ അടുത്ത് പോകാന്‍ പ്രേരിപ്പിക്കുന്ന ഏവരും കൂട്ടുപ്രതികളാണ്. അത്തരം സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവെക്കുന്ന ഏവരും ഈ മരണത്തിന്റെ പങ്കാളികളാണ്. അറിഞ്ഞോ അറിയാതെയോ മരണത്തിന്റെ വ്യാപാരികളായി മാറുകയാണവര്‍.
മോഹനനെയും വടക്കന്‍ചേരിയേയും പിന്തുണയ്ക്കുന്ന ഏവര്‍ക്കും ഈ മരണത്തില്‍ ഉത്തരവാദിത്തമുണ്ട്. അവര്‍ക്കാര്‍ക്കും കൈ കഴുകാന്‍ സാധിക്കില്ല. ഈ കള്ളനാണയങ്ങളെ പൂട്ടേണ്ടവര്‍ ഉറക്കത്തിലായിരിക്കണമെന്നും ഷിംന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഓച്ചിറയിലെ മോഹനന്‍ വൈദ്യരുടെ അംഗീകാരം കിട്ടാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഒരു ചെറുപ്പക്കാരന്‍ മരിച്ചു എന്ന സംഭവം അറിഞ്ഞെന്നും പത്രവാര്‍ത്തയോ വിവാദങ്ങളോ ഒന്നും വിഷയത്തില്‍ കണ്ടില്ലെന്നും ഡോ.നെല്‍സണ്‍ ജോസഫും ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഇത് ആദ്യ സംഭവമൊന്നുമല്ല. മുന്‍പ് ഫോണിലൂടെ പലര്‍ പങ്കുവച്ച അനുഭവങ്ങളില്‍ ഇതിലും വലിയ ദുരന്തകഥകള്‍ പറഞ്ഞിട്ടുള്ളതാണ്. ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി ചേര്‍ന്ന മരുന്നുകള്‍ കഴിച്ച് ഗുരുതരാവസ്ഥയിലായി തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കല്‍ കോളജുകളില്‍ എത്തിച്ചേര്‍ന്നവരെക്കുറിച്ചും കേട്ടിട്ടുണ്ട്
മുന്‍പ് ജനരോഷവും നടപടികളുമുണ്ടായപ്പോള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് ഓടിയ ഇയാള്‍ ഇപ്പോഴുംവിഹരിക്കുന്നതും രോഗികള്‍ ” മരണപ്പെടുന്നതും ” ആരുടെ കഴിവുകേടാണ് എന്നാണ് ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിക്കുന്നത്.