മുംബൈ: മീ ടൂ ക്യാമ്പയിനെതിരെ വിവാദ പ്രസ്താവനയുമായി സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ. ബോളിവുഡില്‍ പീഡനങ്ങളില്ലെന്നും എല്ലാം പരസ്പര സമ്മതത്തോടെയുള്ള സംഭവങ്ങളാണെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശില്‍പ ഷിന്‍ഡെ പറഞ്ഞു. മുന്‍ ബിഗ്‌ബോസ് ജേതാവ് കൂടിയാണ് ശില്‍പ.
“നിങ്ങള്‍ക്കെന്നാണ് മോശമായ അനുഭവം ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായത്, അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞ് അതിനെ കുറിച്ച് ഒച്ചവെക്കുന്നു കൊണ്ട് യാതൊരു കാര്യവുമില്ല. ആരും നിങ്ങളുടെ ഭാഗം കേള്‍ക്കില്ല. വിവാദം മാത്രമേ ഉണ്ടാവുകയുള്ളൂ. പീഡനം നേരിട്ട സമയത്ത് തന്നെ പ്രതികരിക്കുന്നതിന് ആത്മബലം വേണമെന്നും അവര്‍ പറഞ്ഞു.
ബോളിവുഡ് സിനിമാ മേഖല മോശമല്ല, അതേസമയം അത്ര നല്ലതുമല്ല. എല്ലാ തൊഴിലിടങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. എന്തിനാണ് എല്ലാവരും ചേര്‍ന്ന് ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ പേര് ഇങ്ങനെ കളങ്കപ്പെടുത്തുന്നത് എന്നറിയില്ല. ഇവിടെയുള്ള എല്ലാവരും മോശം എന്നാണോ… ഒരിക്കലുമല്ല… ഇതെല്ലാം “നിങ്ങളോട് ഒരാള്‍ എങ്ങനെയാണോ പെരുമാറുന്നത് അതിനോട് നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിന് അനുസരിച്ചിരിക്കും.
ബോളിവുഡില്‍ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഒന്നും നിര്‍ബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്. നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അവിടെ നിന്ന് മാറി നിന്നാല്‍ പോരെ-ഷില്‍പ കൂട്ടിച്ചേര്‍ത്തു.
തനുശ്രീ ദത്തയുടെ ആരോപണങ്ങളോടെയാണ് മീ ടൂ ക്യാമ്പയില്‍ വീണ്ടും ബോളിവുഡില്‍ ചൂടുപിടിക്കുന്നത്. ശേഷം മുന്‍നിര സംവിധായകരുടെയും നടന്‍മാരുടെയും പേരില്‍ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. സംവിധായകന്‍മാരായ സുഭാഷ് കപൂര്‍, സാജിദ് ഖാന്‍, നിര്‍മാതാവ് കരീം മൊറാനി എന്നിവരാണ് ഏറ്റവും ഒടുവില്‍ പീഡനാരോപണങ്ങളില്‍ പെട്ടിരിക്കുന്നത്.