| Saturday, 24th July 2021, 1:15 pm

പോണ്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍; ഹോട്‌സ് ഷോട്ട്‌സ് ആപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത് കുന്ദ്രയുടെ സഹോദരി ഭര്‍ത്താവെന്ന് ശില്‍പ ഷെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വ്യവസായി രാജ് കുന്ദ്രയുള്‍പ്പെട്ട പോണ്‍ ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തി നടിയും കുന്ദ്രയുടെ ഭാര്യയുമായ ശില്‍പ ഷെട്ടി.

ഹോട്‌സ് ഷോട്ട് ആപ്പിലൂടെ പോണ്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവായ പ്രദീപ് ബക്ഷിയ്ക്കും പങ്കുണ്ടെന്നാണ് ശില്‍പ പറഞ്ഞത്. മുംബൈ പൊലീസിന് മുമ്പാകെയാണ് ശില്‍പയുടെ വെളിപ്പെടുത്തല്‍.

കുന്ദ്ര നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവായ പ്രദീപ് ബക്ഷിയാണ് ഹോട്‌സ് ഷോട്ട് ആപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നുമാണ് ശില്‍പ പറയുന്നത്.

അതിനിടെ തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വീഡിയോ വികാരങ്ങളെ ഉണര്‍ത്തുന്നതാണെങ്കിലും പ്രത്യക്ഷമായി ലൈംഗികരംഗം കാണിക്കുന്നില്ലെന്നാണ് കുന്ദ്ര ഹരജിയില്‍ പറഞ്ഞിരിക്കുന്നത്.

നീലച്ചിത്രമെന്ന് പൊലീസ് ആരോപിക്കുന്ന വീഡിയോകളില്‍ ലൈംഗികരംഗം ചിത്രീകരിക്കുന്നില്ല. മറിച്ച് വികാരത്തെ ഉണര്‍ത്തുന്ന ഹ്രസ്വ സിനിമകളുടെ രൂപത്തിലുള്ളവയാണവ. ഇക്കാരണത്താല്‍ വിവരസാങ്കേതികവിദ്യ നിയമത്തിലെ സെക്ഷന്‍ 67 എ ചുമത്താന്‍ കഴിയില്ല.

ഈ മാസം 19ന് പൊലീസ് തന്റെ ഓഫീസില്‍ തിരച്ചില്‍ നടത്തി മൊഴി രേഖപ്പെടുത്താന്‍ പൊലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അറസ്റ്റ് നടക്കുന്നത്. അറസ്റ്റിന് ശേഷം സി.ആര്‍.പി.സി. 41 എ പ്രകാരമുള്ള നോട്ടീസില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ വിസമ്മതിക്കുകയായിരുന്നു, കുന്ദ്രയുടെ ഹരജിയില്‍ പറഞ്ഞതിങ്ങനെയാണ്.

41 എ വകുപ്പ് പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണെന്നും കുന്ദ്ര പറയുന്നു.
2021 ഫെബ്രുവരിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ പ്രതിയായി പോലും ഉള്‍പ്പെടുത്തിയിട്ടില്ല. കേസില്‍ ഏപ്രിലില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. മറ്റ് നിരവധി പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയതായും കുന്ദ്ര ചൂണ്ടിക്കാട്ടി.

അതേസമയം വിവാദങ്ങളെ തുടര്‍ന്ന് ശില്‍പ ഷെട്ടി രാജ് കുന്ദ്രയുടെ കമ്പനിയില്‍ നിന്നും രാജിവെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ശില്‍പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദമ്പതികളുടെ ജുഹുവിലെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. ശില്‍പ കൂടി ഡയറക്ടറായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസ് പരിസരം ഹോട്ട്ഷോട്സ് ആപ്പിലേക്കുള്ള വീഡിയോകള്‍ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരുന്നു.

പോണ്‍ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന് ബിസിനസ് ഉണ്ടായിരുന്നത് ശില്‍പ്പക്ക് അറിയാമായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകളും പണമിടപാടുകളും പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.

ജെ.എല്‍. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാളായിരുന്നു.
2019 മുതലാണ് രാജ് കുന്ദ്ര പോണ്‍ ചിത്രനിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ഒന്നര വര്‍ഷം കൊണ്ട് കോടികളാണ് ഈ ബിസിനസിലൂടെ സമ്പാദിച്ചത്.

അന്ധേരിയിലുള്ള രാജ് കുന്ദ്രയുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ഇത് സംബന്ധിക്കുന്ന ഡാറ്റയും കണ്ടെടുക്കുകയായിരുന്നു. ടി.ബി (ടെറാബൈറ്റ്) കണക്കിന് ഡാറ്റയാണ് കണ്ടെടുത്തത്.

ഹോട്ട് ഷോട്‌സ് എന്ന ആപ് വഴിയാണ് രാജ് കുന്ദ്ര തന്റെ പ്രൊഡക്ഷന്‍ ഹൗസ് വഴി നിര്‍മിച്ച പോണ്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പണം നല്‍കി ഈ ആപ്പ് ഉപയോഗിച്ചിരുന്നത് 20 ലക്ഷത്തിന് മുകളില്‍ ആളുകളാണെന്നും അന്വേഷണസംഘം കണ്ടെത്തി.

ലോകത്തെ ആദ്യത്തെ 18+ ആപ്ലിക്കേഷനായിരുന്നു ഹോട്ട് ഷോര്‍ട്‌സ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Shilpa Shetty Says Kundra’s Brother In Law Involved In Porn Controversy

We use cookies to give you the best possible experience. Learn more