ന്യൂദല്‍ഹി: പോണ്‍ സിനിമ നിര്‍മാണ കേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം. മുംബൈ കോടതിയാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 2 മാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് രാജ് കുന്ദ്രയ്‌ക്കെതിരെ 1400 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ശനിയാഴ്ച ജാമ്യം അനുവദിക്കണമെന്ന ഹരജി കുന്ദ്ര ഫയല്‍ ചെയ്തിരുന്നു.
ജാമ്യാപേക്ഷയില്‍ തന്നെ ബലിയാടാക്കുകയായിരുന്നു എന്നാണ് രാജ് കുന്ദ്ര പറഞ്ഞത്.
‘സംശയാസ്പദമായ ഉള്ളടക്കം’ ഷൂട്ട് ചെയ്യുന്നതിലും മൊബൈല്‍ ആപ്പുകളിലൂടെ സ്ട്രീം ചെയ്യുന്നതിലും കുന്ദ്ര സജീവമായി പങ്കെടുത്തതിന് കുറ്റപത്രത്തില്‍ ഒരു തെളിവുമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
പോണ്‍ ചിത്രം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.