| Sunday, 31st March 2024, 3:08 pm

കോഹ്‌ലിയുടെ റെക്കോഡും ഇളകി തുടങ്ങിയിരിക്കുന്നു; ധവാൻ കൊടുങ്കാറ്റിൽ പിറന്നത് പുതിയ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ 21 റണ്‍സിന്റെ വിജയം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് ആണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

മത്സരത്തില്‍ പഞ്ചാബിനായി നായകന്‍ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 50 പന്തില്‍ 70 റണ്‍സാണ് പഞ്ചാബ് നായകന്‍ നേടിയത്. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് താരം നേടിയത്. പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ശിഖര്‍ ധവാന്‍ സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ചെയ്സിങ് ഉള്ള മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന താരം എന്ന നേട്ടമാണ് പഞ്ചാബ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ചെയ്സിങ്ങില്‍ 23 അര്‍ധസെഞ്ച്വറികളാണ് ധവാന്‍ നേടിയത്. ഇതോടെ ഇത്രതന്നെ ഫിഫ്റ്റികള്‍ നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോഡിനൊപ്പമെത്താനും ധവാന് സാധിച്ചു.

അതേസമയം ലഖ്നൗ ബാറ്റിങ്ങില്‍ ക്വിന്റണ്‍ ഡി കോക്ക് 38 പന്തില്‍ 54 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും രണ്ട് സിക്സും ആണ് സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

21 പന്തില്‍ 42 റണ്‍സ് നേടി നിക്കോളാസ് പൂരനും അവസാന ഓവറുകളില്‍ 22 പന്തില്‍ 41 റണ്‍സ് നേടി തകര്‍ത്തടിച്ച കൃണാല്‍ പാണ്ഡ്യയും ലഖ്നൗവിനെ വലിയ ടോട്ടലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി.

പഞ്ചാബ് ബൗളിങ്ങില്‍ സാം കറന്‍ മൂന്ന് വിക്കറ്റും അര്‍ഷദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. ലഖ്നൗവിനായി അരങ്ങേറ്റതാരം മയാങ്ക് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Shikher Dhawan create a new record

We use cookies to give you the best possible experience. Learn more