| Saturday, 23rd July 2022, 9:43 am

കഴിഞ്ഞ പത്ത് വര്‍ഷമായി കേള്‍ക്കുന്നു, ഇനിയും നീയൊക്കെ പറഞ്ഞോളൂ എനിക്കൊന്നുമില്ല; ധവാന്റെ മാസ് മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ഓപ്പണിങ് ബാറ്റര്‍മാറില്‍ ഒരാളാണ് ശിഖര്‍ ധവാന്‍. രോഹിത് ശര്‍മയോടൊപ്പം അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഉണ്ടാക്കിയ ഇംപാക്റ്റ് കുറച്ചൊന്നുമല്ല. എന്നാല്‍ പലപ്പോഴും രോഹിത്തിനോ വിരാടിനോ കിട്ടുന്ന പരിഗണനയും പ്രശസ്തിയും ധവാന് കിട്ടാറില്ല.

ടീമിന് വേണ്ടി എക്കാലവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ടെസ്റ്റ്, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലാനില്‍ ഇല്ലാത്ത താരമാണ് ധവാന്‍ എന്നാല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ പ്രധാനിയാണ് അദ്ദേഹം.

ധവാന് നേരെ എന്നും ഒരുപാട് വിമര്‍ശനങ്ങള്‍ ഉയാരാറുണ്ട്. പൊതുബോധത്തെ ബാധിക്കാതെയുള്ള ബാറ്റിങ്ങാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി. എന്നാല്‍ ടീമിലേക്ക് റണ്‍സ് എത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്.

വിമര്‍ശനങ്ങളെയൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ധവാന്‍ പറയുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ മോശം പ്രകടനമായിരുന്നു ധവാന്‍ കാഴ്ചവെച്ചത്. എന്നാല്‍ വിന്‍ഡീസ് പരമ്പരയില്‍ അദ്ദേഹമാണ് ഇന്ത്യന്‍ നായകന്‍.

കഴിഞ്ഞ പത്ത് വര്‍ഷമായി വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും അതൊന്നും മുഖവിലയ്ക്ക് എടുക്കാറില്ലെന്നുമാണ് ധവാന്‍ പറയുന്നത്. തനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമെന്നും അതാണ് വര്‍ഷങ്ങളായി ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് വിമര്‍ശനങ്ങള്‍ വിചിത്രമായി തോന്നുന്നില്ല. 10 വര്‍ഷമായി കേള്‍ക്കുന്നുണ്ട്. അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു, ഞാന്‍ കളിക്കുന്നു. അത് എനിക്ക് വിഷയമല്ല. അങ്ങനെയാണെങ്കില്‍, ഞാന്‍ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്, പക്ഷേ എന്റെ ജോലിയെക്കുറിച്ചും ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നും എനിക്കറിയാം.

ഇത്രയും വര്‍ഷമായി ഞാന്‍ ഇത് ചെയ്യുന്നു. ഒന്നുരണ്ട് പരാജയങ്ങള്‍ക്ക് ശേഷം ഞാന്‍ അധികം ടെന്‍ഷന്‍ എടുക്കാറില്ല. ഞാന്‍ സ്വയം വിശകലനം ചെയ്യുകയും മെച്ചപ്പെടുത്താന്‍ നോക്കുകയും ചെയ്യും. എന്നെ സംബന്ധിച്ച് അതാണ് എനിക്ക് പ്രധാനം,’ ധവാന്‍ പറഞ്ഞു.

അതേസമയം വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ധവാന്റെ കീഴില്‍ മികച്ച ജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 308 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ വിന്‍ഡീസിന് 305 നേടാനെ സാധിച്ചുള്ളു. ധവാനൊപ്പം ഗില്‍ 63 റണ്‍സും അയ്യര്‍ 54 റണ്‍സും നേടിയിരുന്നു.

ഇന്ത്യക്കായി ചഹലും സിറാജും താക്കൂറും രണ്ട് വിക്കറ്റ് വീതം നേടി. ധവാനായിരുന്നു കളിയിലെ താരം.

Content Highlights: Shikhar Dhawan Replies to criticizers

We use cookies to give you the best possible experience. Learn more