| Wednesday, 4th October 2023, 7:31 pm

പാകിസ്ഥാനെ ഇങ്ങനെ അപമാനിക്കാന്‍ പാടില്ലായിരുന്നു ധവാനേ... ചിരിയടക്കാന്‍ സാധിക്കാതെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് മോഹവുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവിട്ട കിരീടം തിരിച്ചുപിടിക്കാനൊരുങ്ങിയാണ് ബാബര്‍ അസവും സംഘവും ബിഗ് ഇവന്റിനിറങ്ങിയിരിക്കുന്നത്.

ക്യാപ്റ്റന്‍ ബാബര്‍ അസം തന്നെ മുന്നില്‍ നിന്ന് നയിക്കുന്ന ബാറ്റിങ് നിരയും പേസും സ്പിന്നും ഒത്തുചേരുന്ന ബൗളിങ് നിരയും ഏതൊരു ടീമിനെയും ഞെട്ടിക്കാന്‍ പോന്നതാണ്. എന്നാല്‍ ടീമിന്റെ ഫീല്‍ഡിങ് ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്.

സ്ഥിരമായി വിമര്‍ശനങ്ങളും കളിയാക്കലുകളും നേരിടുന്ന പാകിസ്ഥാന്റെ ഫീല്‍ഡിങ് യൂണിറ്റിന് ഇത്തവണയും കാര്യമായ മാറ്റം വന്നിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ഓസീസിനെതിരായ സന്നാഹ മത്സരത്തിലെ ഫീല്‍ഡിങ് പിഴവിനെയാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

എളുപ്പത്തില്‍ കൈപ്പിടിയിലൊതുക്കാന്‍ സാധിക്കുന്ന പന്ത് ബൗണ്ടറി കടന്നതോടെയാണ് ആരാധകര്‍ രംഗത്തെത്തിയത്. ഹാരിസ് റൗഫിന്റെ പന്ത് മാര്‍നസ് ലബുഷാന്‍ ഓണ്‍ സൈഡിലേക്ക് കളിച്ച് രണ്ട് റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമമായിരുന്നു.

എന്നാല്‍ രണ്ട് ഫീല്‍ഡര്‍മാര്‍ പന്ത് കളക്ട് ചെയ്യാനെത്തുകയും ഇവര്‍ തമ്മിലുള്ള മിസ്‌കമ്മ്യൂണിക്കേഷന്‍ പന്ത് ബൗണ്ടറി കടക്കാന്‍ കാരണമാവുകയും ചെയ്തു.

പാകിസ്ഥാന്റെ ഈ മോശം ഫീല്‍ഡിങ്ങിനെ കളിയാക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാന്‍. സമൂഹമാധ്യമങ്ങളില്‍ ഈ ഫീല്‍ഡിങ് അറ്റംപ്റ്റിന്റെ വീഡിയോ പങ്കുവെച്ച് ‘പാകിസ്ഥാന്‍ ആന്‍ഡ് ഫീല്‍ഡിങ്, നെവര്‍ എന്‍ഡിങ് ലവ് സ്റ്റോറി’ എന്നാണ് ധവാന്‍ കുറിച്ചത്.

ധവാന്റെ ട്വീറ്റിന് പിന്നാലെ ആരാധകരും എത്തിയിരുന്നു. സയ്യിദ് അജ്മലിനെയടക്കം ഓര്‍മിപ്പിച്ചുകൊണ്ട് ആരാധകരെത്തിയത്.

അതേസമയം, ഓസീസിനെതിരായ സന്നാഹ മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. 14 റണ്‍സിനായിരുന്നു പാക് പടയുടെ പരാജയം. ബാബര്‍ അസമിന് പകരം ഷദാബ് ഖാനായിരുന്നു പാകിസ്ഥാനെ നയിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും കാമറൂണ്‍ ഗ്രീനിന്റെയും ബാറ്റിങ് കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി. മാക്‌സി 71 പന്തില്‍ 77 റണ്‍സ് നേടിയപ്പോള്‍ 40 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് ഗ്രീന്‍ നേടിയത്.

48 റണ്‍സ് വീതം നേടിയ ജോഷ് ഇംഗ്ലിസും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഓസീസ് നിരയില്‍ കരുത്തായി.

പാകിസ്ഥാനായി ഒസാമ മിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ 337 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 59 പന്തില്‍ 90 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ബാബറിന് പുറമെ ഇഫ്തിഖര്‍ അഹമ്മദ് (85 പന്തില്‍ 83) മുഹമ്മദ് നവാസ് (42 പന്തില്‍ 50) എന്നിവരും തകര്‍ത്തടിച്ചെങ്കിലും ഫലമുണ്ടായില്ല.

ഓസീസിനായി മാര്‍നസ് ലബുഷാന്‍ മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മിച്ചല്‍ മാര്‍ഷും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാക്‌സ്‌വെല്ലും ഷോണ്‍ അബോട്ടുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയത്.

Content highlight: Shikhar Dhawan trolls Pakistan’s fielding

We use cookies to give you the best possible experience. Learn more