ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന നേപ്പാള്‍ പ്രീമിയര്‍ ലീഗില്‍ തിളങ്ങാനൊരുങ്ങി ഇന്ത്യയുടെ സ്വന്തം ശിഖര്‍ ധവാന്‍. എന്‍.പി.എല്ലില്‍ കര്‍ണാലി യാക്ക്‌സിന് വേണ്ടിയാണ് താരം കളത്തിലിറങ്ങുന്നത്.
ഐ.പി.എല്‍ 2025 മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിന്റെ റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ ഇടം നേടാന്‍ സാധിക്കാതെ വന്നതോടെയാണ് ധവാന്‍ നേപ്പാള്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിച്ചത്.
ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നതിലും അവിടെയെത്തി കളിക്കുന്നതിലും താന്‍ ഏറെ ആവേശഭരിതനാണെന്നും ധവാന്‍ വ്യക്തമാക്കി.
നേപ്പാള്‍ പ്രീമിയര്‍ ലീഗ്
ഐ.പി.എല്‍ മാതൃകയില്‍ നടത്തുന്ന ഏറ്റവും പുതിയ ഫ്രാഞ്ചൈസി ലീഗാണ് നേപ്പാള്‍ പ്രീമിയര്‍ ലീഗ്. ക്രിക്കറ്റ് ലോകത്തേക്കുള്ള നേപ്പാളിന്റെ പുതിയ കാല്‍വെപ്പിനാണ് ആരാധകര്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.
2022ല്‍ നേപ്പാള്‍ ടി-20 ലീഗ് എന്ന പേരില്‍ ഒരു ടൂര്‍ണമെന്റ് നടന്നെങ്കിലും വിവാദങ്ങളും അഴിമതിയും കാരണം അത് പൂര്‍ണമായും ഇല്ലാതാവുകയായിരുന്നു. എന്നാല്‍ പുതിയ കെട്ടിലും മട്ടിലുമാണ് സി.എ.എന്‍ നേപ്പാള്‍ പ്രീമിയര്‍ ലീഗ് അവതരിപ്പിക്കുന്നത്.
നംവബര്‍ 30 മുതല്‍ ഡിസംബര്‍ 21 വരെയാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ടീമുകള്‍
നേപ്പാളിലെ എട്ട് പ്രധാന നഗരങ്ങളെ പ്രതിനിധീകരിച്ച് എട്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. വിരാട്‌നഗര്‍ കിങ്‌സ്, ചിത്വാന്‍ റൈനോസ്, ജനക്പൂര്‍ ബോള്‍ട്‌സ്, കര്‍ണാലി യാക്ക്‌സ്, കാഠ്മണ്ഡു ഗൂര്‍ഖാസ്, ലുംബിനി ലയണ്‍സ്, പോഖ്ര അവഞ്ചേഴ്‌സ്, സുദുര്‍പശ്ചിം റോയല്‍സ് എന്നിവരാണ് ടൂര്‍ണമെന്റിലെ എട്ട് ടീമുകള്‍.