ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. വിരാട് കോഹ്ലിയില് നിന്നും യുവതാരങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് ധവാന് പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു ശിഖര്‍ ധവാന്.
‘വിരാട് കോഹ്ലിയുടെ അച്ചടക്കം, ഫിറ്റ്നസ്, ക്രിക്കറ്റിനോടുള്ള അഭിനിവേശം എന്നിവയെ ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ മത്സരങ്ങളിലും തിരിച്ചുവരവ് നടത്താനുള്ള അദ്ദേഹത്തിന്റെ താത്പര്യം വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ എല്ലാ യുവതാരങ്ങളും അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കണം,’ ശിഖര്‍ ധവാന് പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്കിയ താരമാണ് വിരാട്. ഇതിനോടകം തന്നെ 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.
ഏകദിനത്തില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സും കോഹ്ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്ലി നേടിയത്.
അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം കുട്ടി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ടോപ് സ്കോററും വിരാട് ആയിരുന്നു.
കലാശ പോരാട്ടത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിക്കൊണ്ടായിരുന്നു കോഹ്ലി തിളങ്ങിയത്. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായും കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി-20 ലോകകപ്പ് വിജയിച്ചതിന് പിന്നാലെ വിരാട് ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ശിഖര്‍ ധവാന് അടുത്തിടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു പിടി മികച്ച സംഭാവനകള്‍ നല്കിയ താരമാണ് ധവാന്. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ 2010ല്‍ അരങ്ങേറ്റം കുറിച്ച ധവാന് 167 മത്സരങ്ങളില്‍ നിന്നും 6793 റണ്‍സാണ് നേടിയിട്ടുള്ളത്. 13 സെഞ്ച്വറികളും 39 അര്‍ധസെഞ്ച്വറികളുമാണ് ധവാന് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 44.1 ആവറേജിലാണ് ധവാന് ബാറ്റ് വീശിയത്.
കുട്ടി ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ നിന്നും 1759 റണ്‍സാണ് താരം നേടിയത്. 11 ഫിഫ്റ്റിയും ധവാന് ടി-20യില്‍ നേടിയിട്ടുണ്ട്. 2013 റെഡ് ബോള്‍ ക്രിക്കറ്റിലും താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. 34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിക്കൊണ്ട് 2315 റണ്‍സാണ് ധവാന് നേടിയത്.
Content Highlight: Shikhar Dhawan Talks About Virat Kohli