|

ഇന്ത്യൻ ടീമിൽ എനിക്ക് വലിയ പിന്തുണ നൽകിയത് അദ്ദേഹമാണ്: ശിഖർ ധവാൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഒരു പിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ധവാന്‍. ഇന്ത്യന്‍ ടീമില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരുടെ കീഴില്‍ കളിച്ച താരമായിരുന്നു ധവാന്‍.

2010ല്‍ എം.എസ് ധോണിയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ധവാന്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2011ല്‍ സുരേഷ് റെയ്‌ന ക്യാപ്റ്റനായ സമയങ്ങളില്‍ താരം ടി-20യിലും ആദ്യമായി കളിച്ചു. പിന്നീട് വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ കീഴിലും ധവാന്‍ ഇന്ത്യക്കായി കളത്തിലിറങ്ങി.

ഇപ്പോള്‍ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ച സമയത്ത് തന്റെ ക്രിക്കറ്റ് കരിയറില്‍ വലിയ പിന്തുണ നല്‍കിയ ക്യാപ്റ്റന് താരം നന്ദി അറിയിച്ചു. ധോണിയെക്കുറിച്ചായിരുന്നു ധവാന്‍ സംസാരിച്ചത്.

‘2013ൽ ഓസ്‌ട്രേലിയക്കെതിരെ എന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം മത്സരത്തില്‍ ഞാന്‍ 157 റണ്‍സ് നേടി. ആ സമയത്ത് ഞാന്‍ 85 പന്തില്‍ സെഞ്ച്വറി നേടി. ഇത് ഏറ്റവും വേഗതയേറിയ സെഞ്ച്വറി റെക്കോഡ് ഞാന്‍ സൃഷ്ടിച്ചു എന്നൊരു സൂചനയും എനിക്ക് ഉണ്ടായിരുന്നില്ല. ഒരു അരങ്ങേറ്റക്കാരന്‍ എന്ന നിലയില്‍ ഞാന്‍ സെഞ്ച്വറി നേടിയപ്പോള്‍ എന്നെ പിന്തുണച്ചത് ക്യാപ്റ്റന്‍ ധോണിയായിരുന്നു. അദ്ദേഹത്തിനോട് ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്,’ ശിഖര്‍ ധവാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

2013ല്‍ ധോണിയുടെ കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയിരുന്നു. ഇന്ത്യയുടെ ഈ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് ധവാന്‍. ആ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായാണ് ധവാന്‍ മാറിയത്.

പിന്നീട് 2014, 2016 എന്നീ വര്‍ഷങ്ങളില്‍ നടന്ന ടി-20 ലോകകപ്പുകളില്‍ കളിക്കാന്‍ ധവാന് സാധിച്ചിരുന്നില്ല. എന്നാല്‍ 2015ലെ ഏകദിന ലോകകപ്പില്‍ ധവാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ആ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ധവാന്‍ ആയിരുന്നു.

ഇന്ത്യക്കായി ഏകദിനത്തില്‍ 167 മത്സരങ്ങളില്‍ നിന്നും 6793 റണ്‍സാണ് നേടിയിട്ടുള്ളത്. 13 സെഞ്ച്വറികളും 39 അര്‍ധസെഞ്ച്വറികളുമാണ് ധവാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. കുട്ടി ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ നിന്നും 1759 റണ്‍സാണ് താരം നേടിയത്.

11 ഫിഫ്റ്റിയും ധവാന്‍ ടി-20യില്‍ നേടിയിട്ടുണ്ട്. 2013 റെഡ് ബോള്‍ ക്രിക്കറ്റിലും താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. 34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിക്കൊണ്ട് 2315 റണ്‍സാണ് ധവാന്‍ നേടിയത്.

ധവാന്‍ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത് 2018ലായിരുന്നു. ടി-20യില്‍ 2021ലും ഏകദിനത്തില്‍ 2022ലുമാണ് ധവാന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്.

Content Highlight: Shikhar Dhawan Talks About MS Dhoni

Video Stories