ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഒരുമിച്ച് ഒരുപാട് വര്‍ഷങ്ങള്‍ ഇന്ത്യക്കായി ഓപ്പണിങ് ജോഡികളായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
ഇരുവരുടെയും കോമ്പിനേഷന്‍ ഇന്ത്യയെ ഒരുപാട് സുപ്രധാന മത്സരങ്ങളില്‍ വിജയിപ്പിച്ചിട്ടുണ്ട്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇരുവരും ഓപ്പണിങ് ജോഡികളായി തുടങ്ങിയത്.
ഇപ്പോള്‍ സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള ഒരു അഭിമുഖത്തില്‍ പ്രിയപ്പെട്ട ഓപ്പണിങ് പങ്കാളിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ധവാന്. രോഹിത് ശര്‍മ തന്റെ പ്രിയപ്പെട്ട ഓപ്പണിങ് പങ്കാളി രോഹിത് ആണെന്നും അദ്ദേഹവുമായി ഇപ്പോഴും നല്ല സൗഹൃദമാണന്നും ധവാന് പറഞ്ഞു.
‘8-10 വര്‍ഷം ഞാന്‍ രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്തിട്ടുണ്ട്. രോഹിതുമായി എനിക്ക് ശക്തമായ ബന്ധമുണ്ട്. അവന് ഒരു രത്നമാണ്. അവനാണ് എന്റെ പ്രിയ ഓപ്പണര്‍. ഞാന്‍ അദ്ദേഹത്തെ ഒത്തിരി ശല്യം ചെയ്തിട്ടുണ്ട്. അദ്ദേഹം അതെല്ലാം ആസ്വദിച്ചിരുന്നു,’ ധവാന് പറഞ്ഞു.
ഇരുവരും 115 ഏകദിനങ്ങളില്‍ നിന്ന് 45.55 ശരാശരിയില്‍ 5148 റണ്‍സ് ഒരുമിച്ച് നേടിയിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റില്‍ 18 സെഞ്ച്വറി കൂട്ടുകെട്ടുകളും 15 അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുകളും അവര്‍ക്കുണ്ട് ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാമത്തെ ഓപ്പണിങ് സഖ്യമാണ് ഇരുവരുടെയും.
അതേ സമയം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന മത്സരത്തിലെ മൂന്നാമത്തെയും അവസാന മത്സരം നാളെ ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ മത്സരത്തില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 32 റണ്‍സിനാണ് ലങ്കയോട് പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ അര്‍ധ സെഞ്ച്വറി നേടി രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
Content Highlight: Shikhar Dhawan Talking About Rohit Sharma