ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ധവാന്‍. 2010ല്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച താരം അവസാനമായി 2022ലാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.
വിരമിക്കല്‍ പ്രഖ്യാപിച്ച് ധവാന്‍ മാധ്യമങ്ങളോട് തന്റെ കരിയറില്‍ വലിയ പിന്തുണ നല്‍കിയ പരിശീലകരെയും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ സഹ താരങ്ങളേയും കുറിച്ച് താരം സംസാരിച്ചിരുന്നു.
‘നിരവധി പരിശീലകര്‍ എന്റെ കരിയറില്‍ നിര്‍ണായകമായിരുന്നു. ഡങ്കന്‍ ഫ്‌ളച്ചര്‍, സഞ്ജയ് ബംഗാര്‍, വിക്രം റാത്തൂര്‍, രാഹുല്‍ ദ്രാവിഡ്, രവി ശാസ്ത്രി എന്നിവര്‍ എന്റെ യാത്രയില്‍ പ്രധാന പങ്കുവഹിച്ചു. ബാറ്റിങ്, ഫീല്‍ഡിങ് പരിശീലകരോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്,’ശിഖര്‍ ധവാന്‍ പറഞ്ഞു.
‘മാത്രമല്ല ഞാനും വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ചേര്‍ന്ന് അഞ്ച് വര്‍ഷം കൊണ്ട് 100 സെഞ്ച്വറികള്‍ നേടി. മികച്ച സമയമായിരുന്നു അത്. പിന്നീട് എനിക്ക് പരിക്ക് പറ്റിയ സമയത്ത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമില്‍ എന്റെ ആവശ്യങ്ങള്‍ മനസിലാക്കി എന്റെ കൂടെ ഉണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബി.സി.സി.ഐ) വലിയ നന്ദി,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013 മുതല്‍ 2019 വരെ ധവാനും രോഹിതും കോഹ്‌ലിയും ഫോര്‍മാറ്റുകളിലായി 103 സെഞ്ച്വറികള്‍ അടിച്ചു. കോഹ്‌ലി 49 സെഞ്ച്വറികള്‍ നേടിയപ്പോള്‍ രോഹിത് 30 സെഞ്ച്വറി നേടി. ഇക്കാലയളവില്‍ ധവാന്‍ 23 സെഞ്ച്വറികളും 40 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കിയിരുന്നു. 2022ലായിരുന്നു ധവാന്‍ ഇന്ത്യന്‍ ടീമില്‍ അവസാനമായി കളിച്ചത്.
ഇന്ത്യക്കായി ഏകദിനത്തില്‍ 167 മത്സരങ്ങളില്‍ നിന്നും 6793 റണ്‍സാണ് ധവാന്‍ നേടിയിട്ടുള്ളത്. 13 സെഞ്ച്വറികളും 39 അര്‍ധസെഞ്ച്വറികളുമാണ് ധവാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. കുട്ടി ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ നിന്നും 1759 റണ്‍സാണ് താരം നേടിയത്.
11 ഫിഫ്റ്റിയും ധവാന്‍ ടി-20യില്‍ നേടിയിട്ടുണ്ട്. 2013 റെഡ് ബോള്‍ ക്രിക്കറ്റിലും താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. 34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിക്കൊണ്ട് 2315 റണ്‍സാണ് ധവാന്‍ നേടിയത്.
ധവാന്‍ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത് 2018ലായിരുന്നു. ടി-20യില്‍ 2021ലും ഏകദിനത്തില്‍ 2022ലുമാണ് ധവാന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്.
Content Highlight: Shikhar Dhawan Talking About His Cricket Carrier