|

'കളി തോറ്റതിന്റെ ദേഷ്യം, ധവാന്റെ മുഖത്തടിച്ച് പിതാവ്'; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ സീസണിലെ പോലെ ഇത്തവണയും പഞ്ചാബ് കിംഗ്‌സിന് ആദ്യ നാലില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. 14 മത്സരത്തില്‍ നിന്നും ഏഴ് വീതം ജയവും തോല്‍വിയും വഴങ്ങി പോയിന്റ് പട്ടികയില്‍ ആറാമതായാണ് കിംഗ്‌സ് ഫിനിഷ് ചെയ്തത്.

പല റെക്കോഡുകളും മികച്ച പ്രകടനങ്ങളും പഞ്ചാബ് പുറത്തെടുത്തിരുന്നുവെങ്കിലും ആദ്യ നാലിലെ സ്ഥാനം മാത്രം അകന്നുനിന്നു. കഴിഞ്ഞ നാല് സീസണായി ടീം ആറാം സ്ഥാനത്ത് തന്നെയായിരുന്നു.

ഇപ്പോഴിതാ നോക്കൗട്ടില്‍ പ്രവേശിക്കാത്തതിന് പഞ്ചാബിന്റെ സൂപ്പര്‍ താരം ശിഖര്‍ ധവാനെ പിതാവ് ‘മുഖത്തടിക്കുന്ന’ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ശിഖര്‍ ധവാന്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

‘നോക്കൗട്ടിന് യോഗ്യത നേടാത്തതില്‍ അച്ഛന്റെ വക നോക്കൗട്ട്’ എന്ന ക്യാപ്ഷനോടെയാണ് ധവാന്‍ രസകരമായ വീഡിയോ പങ്കുവെച്ചത്.

അച്ഛനെ കാണാനെത്തിയ ധവാനെ അദ്ദേഹം മുഖത്തടിക്കുന്നതും താഴെയിട്ട് ചവിട്ടിക്കൂട്ടുന്നതുമാണ് വീഡിയോയിലുള്ളത്. മറ്റുള്ളവര്‍ അദ്ദേഹത്തെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും, എന്നാല്‍ തങ്ങളുടെ അഭിനയം തുടരുന്നതുമായ വീഡിയോ ആണ് ധവാന്‍ പങ്കുവെച്ചത്.

വീഡിയോയ്ക്ക് താഴെ ആരാധകരുടെ ബഹളമാണ്. തങ്ങളുടെ ഇഷ്ടതാരത്തെ ഇങ്ങനെ അടിക്കരുതെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.

ഇതാദ്യമായല്ല ധവാന്‍ ഇത്തരത്തിലുള്ള റീല്‍സ് വീഡിയോ പങ്കുവെക്കുന്നത്. ആരാധകരെ രസിപ്പിക്കാന്‍ ഇതിന് മുമ്പും ധവാന്‍ ഇത്തരത്തിലുള്ള വീഡിയോയുമായെത്തിയിരുന്നു.

സീസണില്‍ പഞ്ചാബ് നിരാശപ്പെടുത്തിയെങ്കിലും ധവാന്റെ പ്രകടനം മികച്ചതുതന്നെയായിരുന്നു. 453 റണ്‍സാണ് ധവാന്‍ സീസണില്‍ സ്‌കോര്‍ ചെയ്തത്. ബാറ്റിംഗില്‍ തന്റെ കണ്‍സിസ്റ്റന്‍സി പിന്തുടരുന്ന ധവാന്‍ തുടര്‍ച്ചയായ സീസണുകളില്‍ 400+ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാനും ധവാനായിട്ടില്ല. ഏറെ നാളായി ഇന്ത്യന്‍ ജേഴ്‌സിയില്‍ നിന്നും പുറത്തായ ധവാന്‍ മികച്ച ഒരു തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്.

Content Highlight: Shikhar Dhawan shares a funny video of his father slaps him after failure in IPL 2022