| Friday, 11th August 2023, 7:13 pm

എല്ലാവര്‍ക്കും സൂര്യയെ മതിയോ? സഞ്ജുവിനെ തഴഞ്ഞ് ധവാനും

സ്പോര്‍ട്സ് ഡെസ്‌ക്

ഒക്‌ടോബറില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. സ്വന്തം നാട്ടില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ലോകകപ്പായതുകൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷകള്‍ ഇന്ത്യക്ക് ഈ ലോകകപ്പിലുണ്ട്.

2013ലാണ് ഇന്ത്യ അവസാനമായി ഒരു ഐ.സി.സി കിരീടം നേടിയത്. ഇന്ത്യയുടെ കിരീട ക്ഷാമം ഈ ലോകകപ്പില്‍ മാറുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഹോം കണ്ടീഷന്‍സിന്റെയും എക്‌സപീരിയന്‍സ് താരങ്ങളുടെയും അഡ്വേന്റേജില്‍ ഇന്ത്യ ലോകകപ്പ് നേടുമെന്നാണ് വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ വിശ്വസിക്കുന്നത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. സൂര്യക്ക് എക്‌സ്പീരിയന്‍സ് കൂടുതലുള്ളതുകൊണ്ടാണ് അങ്ങനെയെന്നും താരം പറഞ്ഞു.

ശ്രേയസ് അയ്യര്‍ കളിക്കുമോ എന്ന് സംശയമുള്ള സാഹചര്യത്തില്‍ സൂര്യയും സഞ്ജു സാംസണുമാണ് നാലാം നമ്പര്‍ പൊസിഷന് വേണ്ടി മത്സരിക്കുന്നത്.
എന്നാല്‍ സഞ്ജുവിന് മുകളില്‍ സൂര്യക്ക് അപ്പര്‍ഹാന്‍ഡ് ഉണ്ടെന്ന് ധവാന്‍ വിശ്വസിക്കുന്നു.

‘സൂര്യ ഒരു പരിചയസമ്പന്നനായ ക്രിക്കറ്റ് കളിക്കാരനായതിനാലും കുറച്ചുകാലമായി ടീമിന്റെ ഭാഗമായതിനാലും ഞാന്‍ സൂര്യയെ മാത്രമെ നാലാം നമ്പറിലേക്ക് നിര്‍ദേശിക്കുകയുള്ളൂ’ ധവാന്‍ പി.ടി.ഐയോട് പറഞ്ഞു.

ഗില്ലിന്റെയും രോഹിത്തിന്റെയും ബാറ്റിങ്ങാണ് താന്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറയുന്നു. രോഹിത് കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

‘ലോകകപ്പില്‍ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനവും ഞാന്‍ ഉറ്റുനോക്കുന്നു. കഴിഞ്ഞ എഡിഷനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ബാറ്റര്‍,’ ധവാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോകകപ്പില്‍ രോഹിത്തിനൊപ്പം ധവാനും ടീമിലുണ്ടായിരുന്നു. എന്നാല്‍ പരിക്കേറ്റ് പുറത്താകുകയായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ പരിഗണനയില്‍ പോലുമില്ല.

Content Highlight: Shikhar Dhawan Says Surya Kumar Yadav should play at number four

We use cookies to give you the best possible experience. Learn more