| Sunday, 9th April 2023, 10:19 pm

88/9ല്‍ നിന്നും 143/9ലേക്ക്; ടീം നേടിയ 143ല്‍ 99ഉം ആ 'തീര്‍ന്നുപോയവന്റെ' ബാറ്റില്‍ നിന്ന്; വീരോചിതം എന്നല്ലാതെ ആ ഇന്നിങ്‌സിനെ എന്ത് വിശേഷിപ്പിക്കാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശിഖര്‍ ധവാന്‍ പുറത്തെടുത്തത്. ഇതിലും മികച്ച രീതിയില്‍ ശിഖര്‍ ധവാന് റണ്‍സ് നേടാന്‍ സാധിച്ചാലും ഈ ഇന്നിങ്‌സ് ഒരു അത്ഭുതമായി തന്നെ നിലനില്‍ക്കും.

മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ വണ്ടര്‍ കിഡ് പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പുറത്താക്കി ഭുവനേശ്വര്‍ ടീമിന് ഏര്‍ളി അഡ്വാന്റേജ് നല്‍കി. ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെ മാത്യൂ ഷോര്‍ട്ടും 22ല്‍ നില്‍ക്കവെ ജിതേഷ് ശര്‍മയും പുറത്തായി.

ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഇന്നിങ്‌സ് കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന ധവാനായിരുന്നു കാഴ്ച. ഒടുവില്‍ നാലാം വിക്കറ്റിലാണ് ധവാന് ചെറുതെങ്കിലും ഒരു പിന്തുണ സഹ ബാറ്ററില്‍ നിന്നും ലഭിച്ചത്.

അഞ്ചാമനായി കളത്തിലിറങ്ങിയ സാം കറന്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമായി 22 റണ്‍സ് നേടി പുറത്താകുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ 63ന് നാല് എന്ന നിലയിലായിരുന്നു.

അവിടെ നിന്നും 88 റണ്‍സിന് ഒമ്പത് എന്ന നിലയിലേക്ക് പഞ്ചാബ് തകരാന്‍ അധികം താമസമുണ്ടായില്ല. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സിക്കന്ദര്‍ റാസയും പിന്നാലെയെത്തിയ ഷാരൂഖ് ഖാനും ഹര്‍പ്രീത് ബ്രാറും ഒറ്റയക്കത്തിനും രാഹുല്‍ ചഹറും നഥാന്‍ എല്ലിസും ഡക്കായും പുറത്തായതോടെയാണ് പഞ്ചാബ് 88ന് ഒമ്പത് എന്ന നിലയിലേക്ക് വീണത്.

എന്നാല്‍ അസാമാന്യ ധൈര്യം മനസിലാവാഹിച്ച് മറുവശത്തുണ്ടായിരുന്ന ധവാനെ ഒന്ന് തൊടാന്‍ പോലും ഓറഞ്ച് ആര്‍മിക്ക് സാധിച്ചില്ല. അര്‍ഹമായ സെഞ്ച്വറി അയാളില്‍ നിന്നും തട്ടിയകറ്റി എന്നത് മാത്രമേ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് ആശ്വസിക്കാന്‍ സാധിക്കൂ.

ഒരുവശത്ത് പഞ്ചാബ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണപ്പോള്‍ മറുവശത്ത് മഹാമേരുവായി ധവാന്‍ സ്വയം നിലകൊണ്ടു. ഒരിക്കലും ഒരു സെന്‍സിബിള്‍ ഇന്നിങ്‌സായിരുന്നില്ല അത്. ഐ.പി.എല്ലിലെ മറ്റ് ബാറ്റര്‍മാരുടെ വെടിക്കെട്ടിനോളം വരില്ലെങ്കിലും ധവാന്‍ നേടിയ ഓരോ റണ്‍സിനും വിലയേറെയായിരുന്നു.

ഒടുവില്‍ 66 പന്തില്‍ പുറത്താകതെ 99 റണ്‍സാണ് താരം നേടിയത്. ആ സമയത്ത് കമന്റേറ്റര്‍മാര്‍ പറഞ്ഞതുപോലെ പല സെഞ്ച്വറികളേക്കാള്‍ വിലയേറിയ ഇന്നിങ്‌സായിരുന്നു ധവാന്റേത്. ഐ.പി.എല്‍ 2023ലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ധവാന്‍, ഓറഞ്ച് ക്യാപ്പും തന്റെ പേരിലാക്കി.

താരത്തിന്റെ ഈ പ്രകടനം പലര്‍ക്കുമുള്ള മറുപടിയായിരുന്നു. പ്രായമേറിയെന്നും കത്തിത്തീര്‍ന്ന പടക്കമെന്നും വിളിച്ച് ആക്ഷേപിച്ചവര്‍ക്കമുള്ള മറുപടി. വേണ്ടി വന്നാല്‍ തനിക്ക് പഴയ ഗബ്ബറാകാന്‍ സാധിക്കുമെന്ന് ഈ ലോകകപ്പ് ഇയറില്‍ തന്നെ അവന്‍ തെളിയിക്കുമ്പോള്‍ ധവാന്‍ ആരാധകര്‍ പ്രതീക്ഷ കൈവിടാന്‍ താത്പര്യപ്പെടില്ല.

CONTENT HIGHLIGHT: Shikhar Dhawan’s incredible innings against Sunrisers Hyderabad

Latest Stories

We use cookies to give you the best possible experience. Learn more