| Wednesday, 5th April 2023, 9:52 pm

ഒരു മത്സരത്തില്‍ തന്നെ ആദ്യം ടെസ്റ്റ്, പിന്നെ ഏകദിനം, പിന്നീടങ്ങോട്ട് പക്കാ ടി-20; ഞാന്‍ കണ്ടെടോ ഞങ്ങളുടെ ആ പഴയ ധവാനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍. 56 പന്തില്‍ നിന്നും 86 റണ്‍സ് നേടിയാണ് ഗബ്ബര്‍ പഞ്ചാബ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇടനെഞ്ചില്‍ കൊണ്ടുനടന്ന് ആരാധിച്ചിരുന്ന പഴയ ശിഖര്‍ ധവാനെയായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ബര്‍സാപര സ്റ്റേഡിയത്തിലെ ആരാധകര്‍ കണ്ടത്. സിക്‌സറും ബൗണ്ടറികളുമായി ധവാന്‍ കളം നിറഞ്ഞാടുകയായിരുന്നു.

പഞ്ചാബ് ഇന്നിങ്‌സിന്റെ ആദ്യ ഓവറുകളില്‍ ധവാന്റെ മെല്ലെപ്പോക്കായിരുന്നു കണ്ടത്. ഒരുവശത്ത് യുവതാരം പ്രഭ്‌സിമ്രാന്‍ സിങ് ആഞ്ഞടിക്കുമ്പോള്‍ യുവതാരത്തിനോട് പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്ന ധവാനായിരുന്നു മറുവശത്തെ കാഴ്ച. ഒരുവേള താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് നൂറിന് താഴെ പോയിരുന്നു.

ടീം സ്‌കോര്‍ 90ല്‍ നില്‍ക്കവെ 60 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ പുറത്താവുകയും പിന്നാലെയെത്തിയ ഭാനുക രാജപക്‌സെ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയും ചെയ്തതോടെ ധവാന്‍ സ്‌കോറിങ്ങിന് അല്‍പം വേഗത കൂട്ടി.

ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിച്ച ധവാന്‍ വണ്‍ ഡേയിലേക്ക് ചുവടുമാറ്റുക മാത്രമായിരുന്നു ചെയ്തത്. അപ്പോഴും സ്‌കോറിങ്ങിന് കാര്യമായ വേഗതയുണ്ടായിരുന്നില്ല. 30 പന്തില്‍ 30 റണ്‍സ് എന്ന നിലയിലായിരുന്നു ഒരുവേള ധവാന്‍ ബാറ്റ് ചെയ്തത്.

എന്നാല്‍ തുടര്‍ന്നങ്ങോട്ട് പഴയ ഗബ്ബറായി താരം പകര്‍ന്നാടുകയായിരുന്നു. 30 പന്തില്‍ നിന്നും 30 എന്ന നിലയില്‍ നിന്നും 36ാം പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ധവാന്‍ തുടര്‍ന്നങ്ങോട്ട് പഞ്ചാബ് ആരാധകര്‍ക്ക് വേണ്ടതെല്ലാം കൊടുത്തു. ഒരുവേള ഐ.പി.എല്‍ 2023ലെ ആദ്യ സെഞ്ച്വറി താന്‍ നേടും എന്ന പ്രതീതിയും താരം സൃഷ്ടിച്ചിരുന്നു.

ബൗണ്ടറികളും സിക്‌സറുമകളുമായി ധവാന്‍ പഞ്ചാബ് ഇന്നിങ്‌സിനെ തോളിലേറ്റി. ഒമ്പത് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെയായിരുന്നു ധവാന്‍ 56 പന്തില്‍ നിന്നും 86 റണ്‍സ് നേടിയത്.

ധവാന്റെയും പ്രഭ്‌സിമ്രാന്റെയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തില്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി.

രാജസ്ഥാനായി ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും ആര്‍. അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content highlight: Shikhar Dhawan’s brilliant knock against Rajasthan Royals

We use cookies to give you the best possible experience. Learn more