ഐ.പി.എല്‍ 2023ലെ 14ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ ആരാധകരെ ഞെട്ടിച്ച് ശിഖര്‍ ധവാന്‍. ധവാന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുമ്പില്‍ ബൗളിങ് യൂണിറ്റ് നിന്നുവിറച്ചു. ധവാന് മുമ്പില്‍ മാത്രം ഉത്തരം മുട്ടിയ സണ്‍റൈസേഴ്‌സ് ശേഷിക്കുന്ന ബാറ്റര്‍മാര്‍ക്ക് മേല്‍ പടര്‍ന്നുകയറുകയായിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനെതിരെ തീ തുപ്പിയ പ്രഭ്‌സിമ്രാന്‍ സിങ് എന്ന പഞ്ചാബ് ഏയ്‌സിനെ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഭുവി മടക്കിയപ്പോള്‍ പഞ്ചാബ് കിങ്‌സ് ഇത്രത്തോളം അപകടം പ്രതീക്ഷിച്ചുകാണില്ല.
വണ്‍ഡൗണായെത്തിയത് ജോണി ബെയര്‍സ്‌റ്റോക്ക് പകരം ടീമിലെത്തിയ ഓസീസ് സൂപ്പര്‍ താരം മാത്യൂ ഷോര്‍ട്ട്. ബി.ബി.എല്ലില്‍ കാഴ്ചവെച്ച വെടിക്കെട്ട് സണ്‍റൈസേഴ്‌സിന്റെ കളിത്തട്ടകത്തില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയതോടെ രണ്ടാം വിക്കറ്റായി ഷോര്‍ട്ടും പവലിയനിലേക്ക്. മാര്‍ക്കോ ജെന്‍സന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടങ്ങി ഷോര്‍ട്ട് പുറത്തായപ്പോള്‍ പഞ്ചാബ് സ്‌കോര്‍ 10/ 2.
ടീം സ്‌കോറിലേക്ക് 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാലാമന്‍ ജിതേഷ് ശര്‍മയും മടങ്ങി. ജാര്‍ക്കോ ജെന്‍സന്റെ പന്തില്‍ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിന് ക്യാച്ച് നല്‍കി പുറത്താകുമ്പോള്‍ പേരിന് നേരെ നാല് റണ്‍സ് മാത്രമായിരുന്നു ജിതേഷിന്റെ സമ്പാദ്യം.
അഞ്ചാം നമ്പറില്‍ സാം കറന്‍ വന്നതോടെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി. 15 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമായി കറന്‍ മടങ്ങുമ്പോള്‍ പഞ്ചാബ് ടോട്ടല്‍ 63/ 4.
ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സിക്കന്ദര്‍ റാസയും പിന്നാലെയെത്തിയ ഷാരൂഖ് ഖാനും ഹര്‍പ്രീത് ബ്രാറും ഒറ്റയക്കത്തിനും രാഹുല്‍ ചഹറും നഥാന്‍ എല്ലിസും ഡക്കായും പുറത്തായപ്പോള്‍ പഞ്ചാബ് 88 റണ്‍സിന് ഒമ്പത് എന്ന നിലയില്‍ കൂപ്പുകുത്തി.
എന്നാല്‍ സണ്‍റൈസേഴ്‌സിന് മുമ്പില്‍ മഹാമേരുവെന്നോണം പഞ്ചാബ് നായകന്‍ നിലകൊണ്ടു. ഓപ്പണറായി കളത്തിലിറങ്ങിയ ശിഖര്‍ ധവാന് മുമ്പില്‍ സണ്‍റൈസേഴ്‌സ് ബൗളിങ് നിരയുടെ ഒരു ബ്രഹ്മാസ്ത്രവും വിലപ്പോയില്ല.
ഒരുവശത്ത് ഓറഞ്ച് ആര്‍മി പഞ്ചാബ് ബാറ്റിങ് നിരയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തെറിഞ്ഞപ്പോള്‍ മറുവശത്ത് ശിഖര്‍ ധവാന്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തിക്കൊണ്ടേയിരുന്നു.
തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ധവാന്‍ റണ്ണടിച്ചുകൊണ്ടിരുന്നത്. ഒരുവശത്ത് വിക്കറ്റുകള്‍ എണ്ണിയെണ്ണി നിലംപൊത്തിയപ്പോഴും ധവാന്‍ അതൊന്നും മനസിലേക്കെടുക്കാതെ റണ്ണടിച്ചുകൊണ്ടിരുന്നു.
സെന്‍സിബിള്‍ ഇന്നിങ്‌സായിരുന്നില്ല അത്. മറ്റ് ബാറ്റര്‍മാരുടെ വെടിക്കെട്ടിനോളം വരില്ലെങ്കിലും ധവാന്‍ നേടിയ ഓരോ റണ്‍സിനും വിലയേറെയായിരുന്നു.
ഒടുവില്‍ 66 പന്തില്‍ പുറത്താകതെ 99 റണ്‍സാണ് താരം നേടിയത്. ആ സമയത്ത് കമന്റേറ്റര്‍മാര്‍ പറഞ്ഞതുപോലെ പല സെഞ്ച്വറികളേക്കാള്‍ വിലയേറിയ ഇന്നിങ്‌സായിരുന്നു ധവാന്റേത്. ഐ.പി.എല്‍ 2023ലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ധവാന്‍, ഓറഞ്ച് ക്യാപ്പും തന്റെ പേരിലാക്കി.
ഒടുവില്‍, നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് പഞ്ചാബ് നേടിയത്.
സണ്‍റൈസേഴ്‌സിനായി അരങ്ങേറ്റം കുറിച്ച് മായങ്ക് മാര്‍ക്കണ്ഡേ നാല് ഓവറില്‍ 15 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കോ ജെന്‍സനും ഉമ്രാന്‍ മാലിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടി.
Content highlight: Shikhar Dhawan’s brilliant innings against Sunrisers