സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; വിക്കറ്റ് കീപ്പര്‍ സ്ഥാനം പന്തിനു തന്നെ; സ്വന്തം നാട്ടില്‍ കളിക്കാന്‍ അവസരമൊരുങ്ങുന്നു?
Cricket
സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; വിക്കറ്റ് കീപ്പര്‍ സ്ഥാനം പന്തിനു തന്നെ; സ്വന്തം നാട്ടില്‍ കളിക്കാന്‍ അവസരമൊരുങ്ങുന്നു?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th November 2019, 12:26 pm

ന്യൂദല്‍ഹി: ഏറെ വിവാദങ്ങള്‍ക്കു ശേഷം മലയാളിതാരം സഞ്ജു വി. സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഉടന്‍ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനു പകരമാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബി.സി.സി.ഐ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുക്കവെയാണ് ധവാനു പരിക്കേറ്റത്. ഇടതു കാല്‍മുട്ടില്‍ നീളത്തിലുള്ള മുറിവേറ്റ ധവാനു കുറച്ചുനാള്‍ വിശ്രമം വേണമെന്നാണ് ബി.സി.സി.ഐ മെഡിക്കല്‍ ടീം പറഞ്ഞിരിക്കുന്നതെന്നു കുറിപ്പിലുണ്ട്. ദല്‍ഹിക്കു വേണ്ടി മഹാരാഷ്ട്രയ്‌ക്കെതിരെ കളത്തിലിറങ്ങിയ ധവാന്‍, ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെയാണു പരിക്കേറ്റത്.

ഡിസംബര്‍ ആറുമുതല്‍ 11 വരെയാണ് മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പര നടക്കുക. സഞ്ജു ടീമിലുണ്ടെങ്കിലും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ബി.സി.സി.ഐ കുറിപ്പില്‍ കാണുന്നത് ഋഷഭ് പന്ത് തന്നെയാണ്. ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍ എന്നിവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എട്ടാം തീയതി രണ്ടാമത്തെ മത്സരം നടക്കുന്നത് സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്തു തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്.

നേരത്തേ നാലുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെട്ടെങ്കിലും കളിക്കാനായിരുന്നില്ല. മൂന്ന് മത്സരങ്ങളിലും പന്തിനെ ടീമിലുള്‍പ്പെടുത്തിയ ടീം, സഞ്ജുവിനെ റിസര്‍വ് ബെഞ്ചില്‍ത്തന്നെ ഇരുത്തി.

ഇതിനു പിന്നാലെ പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍നിന്നു സഞ്ജു ഒഴിവാക്കപ്പെട്ടു.

ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജു തഴയപ്പെടുന്നതിനെതിരെ ആരാധകരുടെ ഭാഗത്തു നിന്നു മാത്രമല്ല, ഹര്‍ഭജന്‍ സിങ്ങിനെപ്പോലുള്ള മുതിര്‍ന്ന താരങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധമെത്തിയിരുന്നു. ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഇവരൊക്കെ രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹാര്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, സഞ്ജു സാംസണ്‍.