യുഗാന്ത്യം...എതിരാളികളെ വിറപ്പിച്ച ഇന്ത്യൻ സിംഹം ക്രിക്കറ്റിൽ നിന്നും വിരമിച്ചു
Cricket
യുഗാന്ത്യം...എതിരാളികളെ വിറപ്പിച്ച ഇന്ത്യൻ സിംഹം ക്രിക്കറ്റിൽ നിന്നും വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th August 2024, 8:34 am

ഇന്ത്യന്‍ സൂപ്പര്‍താരം ശിഖര്‍ ധവാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം പുറത്തുവിട്ടത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓപ്പണ്‍ എന്ന നിലയില്‍ ഒരു പിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ധവാന്‍. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ 2010ല്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ 167 മത്സരങ്ങളില്‍ നിന്നും 6793 റണ്‍സാണ് നേടിയിട്ടുള്ളത്. 13 സെഞ്ച്വറികളും 39 അര്‍ധസെഞ്ച്വറികളുമാണ് ധവാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 44.1 ആവറേജിലാണ് ധവാന്‍ ബാറ്റ് വീശിയത്.

പിന്നീട് ഒരു വര്‍ഷത്തിനുശേഷം ടി-20യിലും താരം ഇന്ത്യക്കായി കളത്തിലിറങ്ങി. കുട്ടി ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ നിന്നും 1759 റണ്‍സാണ് താരം നേടിയത്. 11 ഫിഫ്റ്റിയും ധവാന്‍ ടി-20യില്‍ നേടിയിട്ടുണ്ട്. 2013 റെഡ് ബോള്‍ ക്രിക്കറ്റിലും താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിക്കൊണ്ട് 2315 റണ്‍സാണ് ധവാന്‍ നേടിയത്. താരം അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത് 2018ലായിരുന്നു. ടി-20യില്‍ 2021ലും ഏകദിനത്തില്‍ 2022ലുമാണ് ധവാന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്.

2013ലെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ പങ്കാളിയാവാന്‍ ധവാന് സാധിച്ചിരുന്നു. ചാമ്പ്യന്‍സ് തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് അവാര്‍ഡും ധവാനാണ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമായിരുന്നു ധവാന്‍ കളിച്ചിരുന്നത്.

ഐ.പി.എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു ധവാന്‍.

2024 ഐ.പി.എല്ലില്‍ പഞ്ചാബിനുവേണ്ടി മുഴുവന്‍ മത്സരങ്ങളിലും കളത്തില്‍ ഇറങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. പരിക്ക് പറ്റിയതിന് പിന്നാലെ ധവാന് പകരം ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സാം കറനായിരുന്നു പഞ്ചാബിനെ നയിച്ചിരുന്നത്.

 

Content Highlight: Shikhar Dhawan Retired From Cricket