| Tuesday, 17th September 2024, 10:37 am

വിരമിച്ച സൂപ്പർതാരം വീണ്ടും കളിക്കളത്തിലേക്ക്; വമ്പൻ പോരിനുള്ള പടയൊരുക്കം തുടങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ലെജന്റ്‌സ് ക്രിക്കറ്റ് ലീഗ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ഇപ്പോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പായുള്ള പരിശീലനത്തിലാണ് ധവാന്‍. താരം പരിശീലനം നടത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ധവാന്‍. ‘തിരിച്ചു വന്നതില്‍ സന്തോഷം’ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്.

കഴിഞ്ഞ മാസമാണ് ധവാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ലെജന്റ്‌സ് ക്രിക്കറ്റ് ലീഗ് കളിക്കാന്‍ തയ്യാറാണെന്നുള്ള വാര്‍ത്ത ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.

ലെജന്റ്‌സ് ക്രിക്കറ്റ് ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിന് വേണ്ടിയാണ് ധവാന്‍ കളിക്കുക. ധവാന് പുറമെ ഒരുപിടി മികച്ച താരങ്ങളും ഗുജറാത്ത് ടീമിന് വേണ്ടി കളിക്കും. വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരങ്ങളായ ക്രിസ് ഗെയ്ല്‍, ലെണ്ടി സിമണ്‍സ് എന്നീ താരങ്ങളും ഗുജറാത്ത് ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗെയ്‌ലും ധവാനും ഒരുമിച്ച് ക്രീസില്‍ എത്തുമ്പോള്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക് തന്നെയാവും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓപ്പണ്‍ എന്ന നിലയില്‍ ഒരു പിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ധവാന്‍. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ 2010ല്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ 167 മത്സരങ്ങളില്‍ നിന്നും 6793 റണ്‍സാണ് നേടിയിട്ടുള്ളത്. 13 സെഞ്ച്വറികളും 39 അര്‍ധസെഞ്ച്വറികളുമാണ് ധവാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 44.1 ആവറേജിലാണ് ധവാന്‍ ബാറ്റ് വീശിയത്.

കുട്ടി ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ നിന്നും 1759 റണ്‍സാണ് താരം നേടിയത്. 11 ഫിഫ്റ്റിയും ധവാന്‍ ടി-20യില്‍ നേടിയിട്ടുണ്ട്. 2013 റെഡ് ബോള്‍ ക്രിക്കറ്റിലും താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിക്കൊണ്ട് 2315 റണ്‍സാണ് ധവാന്‍ നേടിയത്. താരം അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത് 2018ലായിരുന്നു. ടി-20യില്‍ 2021ലും ഏകദിനത്തില്‍ 2022ലുമാണ് ധവാന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്.

2013ലെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ പങ്കാളിയാവാന്‍ ധവാന് സാധിച്ചിരുന്നു. ചാമ്പ്യന്‍സ് തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് അവാര്‍ഡും ധവാനാണ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമായിരുന്നു ധവാന്‍ കളിച്ചിരുന്നത്.

Content Highlight: Shikhar Dhawan Ready For Legends Cricket League 2024

Latest Stories

We use cookies to give you the best possible experience. Learn more