വളരെ ആവേശകരമായ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പര കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരവും ജയിച്ചുകൊണ്ട് ഇന്ത്യന്‍ ടീം പരമ്പര തൂത്തുവാരുകയായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു.
പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയെ നയിച്ചത് വെറ്ററന്‍ താരം ശിഖര്‍ ധവാനാണ്. യുവതാരങ്ങളെ കോര്‍ത്തിണക്കി മികച്ച രീതിയിലാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. യുവ താരങ്ങളെല്ലാം കിട്ടിയ അവസരം മുതലാക്കി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
യുവ ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് പരമ്പരയിലെ പ്രാധാന അട്രാക്ഷന്‍ എന്ന് പറയാം. മൂന്ന് മത്സരത്തിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ അദ്ദേഹം 64 റണ്‍സ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 43ഉം മൂന്നാം മത്സരത്തില്‍ പുറത്താകാതെ 98 റണ്‍സും നേടി. സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും മികച്ച ബാറ്റിങ്ങായിരുന്നു താരം കാഴ്ചവെച്ചത്. 205 റണ്‍സാണ് പരമ്പരയില്‍ അദ്ദേഹം സ്വന്തമാക്കിയത്.
പരമ്പരക്ക് ശേഷം ഗില്ലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ടീമിനെ നയിച്ച ധവാന്‍. ഗില്ലിന് മികച്ച സാങ്കേതിക തികവുണ്ടെന്നും നന്നായി കളിച്ചെന്നും ധവാന്‍ പറഞ്ഞു. ഗില്ലിന്റെ ബാറ്റിങ് രോഹിത്തിനെ തോന്നിപ്പിച്ചെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.
‘ഗില്ലിന് വളരെ മികച്ച സാങ്കേതികതയുണ്ട്, മികച്ച ഇന്നിങ്സ് കളിക്കാനും കഴിയും. രോഹിത് ശര്‍മയെ പോലെയാണ് അദ്ദേഹം. ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കങ്ങളെ എങ്ങനെ വലുതാക്കി മാറ്റണമെന്ന് അവനറിയാം,’ ധവാന്‍ പറഞ്ഞു.
അവസാന മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും പരമ്പരയിലെ താരമായി ഗില്ലിനെയാണ് തെരഞ്ഞെടുത്തത്.
വിന്‍ഡീസിനെതിരായ ഏകദിന മത്സരത്തിലെ പരമ്പര വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്. രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തിയതിനാല്‍ തന്നെ ടി-20 പരമ്പരയും സ്വന്തമാക്കാന്‍ കഴിയുമെന്നും ടി-20 ലോകകപ്പിന് മുമ്പ് തന്നെ വിന്‍ഡീസിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.