| Wednesday, 7th March 2018, 9:33 am

തോല്‍വിയിലും തലയുയര്‍ത്തി ധവാന്‍; കോഹ്‌ലിയുടെ റെക്കോഡ് ഇനി പഴങ്കഥ

സ്പോര്‍ട്സ് ഡെസ്‌ക്

കൊളംബോ: ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ടി-20യില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധാവന്റെ ഇന്നിംഗ്‌സ് റെക്കോഡ് ബുക്കില്‍ ഇടംനേടി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മികച്ച പ്രകടനം ലങ്കയിലും കാഴ്ചവെച്ച ധവാന്‍ ഇന്നലെ നേടിയത് 49 പന്തില്‍ 90 റണ്‍സാണ്.

ലങ്കയ്‌ക്കെതിരെ ടി-20 യില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് ധവാന്‍ മറികടന്നത്. 82 റണ്‍സാണ് വിരാട് ലങ്കയ്‌ക്കെതിരെ നേടിയ ഉയര്‍ന്ന സ്‌കോര്‍.

എന്നാല്‍ ലങ്കയ്‌ക്കെതിരെ ഉയര്‍ന്ന സ്‌കോര്‍ നേടിയ ആദ്യ അഞ്ചുപേരുടെ പട്ടികയില്‍ മൂന്നും കോഹ്‌ലി നേടിയ റണ്‍സാണ്. യഥാക്രമം 82, 78*, 68 എന്നിങ്ങനെയാണത്.

ധവാന്റെ മികവില്‍ ഇന്ത്യ ഇന്നലെ നിശ്ചിത ഓവറില്‍ 174 റണ്‍സാണ് ആതിഥേയര്‍ക്ക് മുന്‍പില്‍വെച്ചുകൊടുത്തത്. എന്നാല്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഒരോവറും മൂന്ന് പന്തും ബാക്കിനില്‍ക്കെ് ലങ്ക സ്‌കോര്‍ മറികടന്നു.

66 റണ്‍സ് നേടിയ കുശല്‍ ജനിത് പെരേരയുടെ തകര്‍പ്പന്‍ ബാറ്റിംങ് പ്രകടനത്തിന്റെ മികവിലായിരുന്നു ലങ്കന്‍ ജയം. പെരേര 22 പന്തില്‍ നിന്നാണ് അര്‍ധശതകം തികച്ചത്. ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന വേഗതയേറിയ രണ്ടാമത്തെ അര്‍ദ്ധ ശതകമാണ് ഇത്.

ചഹാലും വാഷിംഗ്ടണ്‍ സുന്ദറും വിക്കറ്റുകളുമായി ലങ്കയെ തടയിടുവാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടത്തിയെങ്കിലും കുശല്‍ പെരേരയുടെ വെടിക്കെട്ട് ശ്രീലങ്കയ്ക്ക് ജയം ഉറപ്പിക്കാന്‍ പോന്നതായിരുന്നു. കുശല്‍ പെരേര പുറത്തായ ശേഷം 136/5 എന്ന നിലയില്‍ നിന്ന് ആറാം വിക്കറ്റില്‍ 39 റണ്‍സ് നേടിയ തിസാര പെരേര(22*)ദസുന്‍ ഷനക(15*) കൂട്ടുകെട്ട് ലങ്കയുടെ ജയം ഉറപ്പാക്കി. ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദറും യൂസുവേന്ദ്ര ചഹാലും രണ്ട് വീതം വിക്കറ്റാണ് മത്സരത്തില്‍ നേടിയത്.

ഒന്‍പതു റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യയെ, മൂന്നാം വിക്കറ്റില്‍ മനീഷ് പാണ്ഡെയ്‌ക്കൊപ്പം ധവാന്‍ കൂട്ടിച്ചേര്‍ത്ത 95 റണ്‍സാണ് രക്ഷിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരിട്ട നാലാം പന്തില്‍ സംപൂജ്യനായും സുരേഷ് റെയ്‌ന മൂന്നാം പന്തില്‍ ഒരു റണ്ണോടെയും പുറത്തായ ശേഷമായിരുന്നു ഇരുവരുടെയും രക്ഷാപ്രവര്‍ത്തനം. പാണ്ഡെ 35 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്തു. 49 പന്തുകള്‍ നേരിട്ട ധവാനാകട്ടെ ആറു വീതം ബൗണ്ടറിയും സിക്‌സും സഹിതമാണ് 90 റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

We use cookies to give you the best possible experience. Learn more