തോല്‍വി വഴങ്ങിയെങ്കിലും ധവാന്‍ പൊളിയാണ്; അമ്മാതിരി അടി അടിച്ച് ഓപ്പണര്‍ നേടിയത് കലക്കന്‍ റെക്കോഡ്
Sports News
തോല്‍വി വഴങ്ങിയെങ്കിലും ധവാന്‍ പൊളിയാണ്; അമ്മാതിരി അടി അടിച്ച് ഓപ്പണര്‍ നേടിയത് കലക്കന്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st March 2024, 9:05 am

ഇന്നലെ പഞ്ചാബ് കിങ്‌സിനെ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് 21 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ എല്‍.എസ്.ജി ആദ്യം ബാറ്റ് ചെയ്തു ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാന്‍ സാധിച്ചത്.

പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ്. 50 പന്തില്‍ നിന്ന് മൂന്ന് സിക്സര്‍ 5 ഫോറും അടക്കം 70 റണ്‍സ് ആണ് ധവാന്‍ അടിച്ചുകൂട്ടിയത്. ജോണി ബെയര്‍സ്റ്റോ 29ന് മൂന്നു സിക്സും ഫോറും വീതം നേടി 42 റണ്‍സ് നേടി ധവാന്‍ ഒപ്പം മികച്ച കൂട്ടുകെട്ടാണ് തുടക്കത്തില്‍ ടീമിന് വേണ്ടി നേടിയത്. അവസാന ഓവറില്‍ ലിയാന്‍ ലിവിങ്സ്റ്റണ്‍ 17 പന്തില്‍ 2 സിക്സറും രണ്ട് ബൗണ്ടറിയും അടക്കം 28 റണ്‍സ് നേടിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.

മത്സരത്തില്‍ ഓപ്പണര്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ധവാന്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോഡാണ് നേടിയത്. ഐ.പി.എല്ലില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരം എന്ന റെക്കോഡാണ് ധവാനെ തേടിയെത്തിയിരിക്കുന്നത്.

ഐ.പി.എല്ലില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരം, മത്സരം

ശിഖര്‍ ധവാന്‍ – 200*

ഡേവിഡ് വാര്‍ണര്‍ – 157

ക്രിസ് ഗെയ്ല്‍ – 123

ഗൗതം ഗംഭീര്‍ – 123

എല്‍.എസ്.ജിക്ക് വേണ്ടി മികച്ച തുടക്കമാണ് ക്വിന്റണ്‍ ഡി കോക്ക് നല്‍കിയത്. 38 പന്തില്‍ നിന്ന് രണ്ടു സിക്സും 5 ബൗണ്ടറിയും അടക്കം 54 റണ്‍സ് ആണ് താരം നേടിയത്. ടീമിന് വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് ഡി കോക്കാണ്. കോക്കിന് പുറമേ നിക്കോളാസ് പൂരന്‍ 21 പന്തില്‍ നിന്ന് മൂന്ന് സിക്സറും മൂന്ന് ഫോറും അടക്കം 42 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 200 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

20 പന്തില്‍ രണ്ട് സിക്സറും 4 ബൗണ്ടറിയും അടക്കം 42 റണ്‍സ് നേടി അവസാനഘട്ടത്തില്‍ ടീം സ്‌കോര്‍ ഉയര്‍ത്തിയത് ക്രുണാല്‍ പാണ്ഡ്യയാണ്.പഞ്ചാബിന്റെ ബൗളിങ് നിരയില്‍ സാം കറന്‍ മൂന്നു വിക്കറ്റും അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റും കസികോ റബാദ, രാഹുല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

എല്‍.എസ്.ജിക്കുവേണ്ടി മയങ്ക് യാദവ് മൂന്ന് വിക്കറ്റും മുഹസ്സിന്‍ ഖാന്‍ രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയവുമായി എല്‍.എസ്.ജി അഞ്ചാം സ്ഥാനത്താണ് ഉള്ളത്. എന്നാല്‍ മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു വിജയവുമായി പഞ്ചാബ് ആറാമത് ആണ്.

ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ഉച്ചയ്ക്ക് 3:30ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസ് ഹൈദരാബാദിനെ നേരിടുമ്പോള്‍ വൈകിട്ട് 7:30ന് ഡല്‍ഹി കാപ്പിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേരിടും.

 

Content Highlight: Shikhar Dhawan In Record Achievement