ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരു ബോള്‍ അവശേഷിക്കെ മൂന്നു വിക്കറ്റിന് വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. അഹമ്മദാബാദില്‍ ടോസ് നേടിയ പഞ്ചാബ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ശശാങ്ക് സിങ്ങാണ് പഞ്ചാബിനെ വിജയിപ്പിച്ചത്.
മത്സരത്തില്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയത് പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ്. വെറും ഒരു റണ്‍സ് നേടി ഉമേഷ് യാദവിന്റെ പന്തില്‍ ബൗള്‍ഡ് ആവുകയായിരുന്നു താരം. ഇതോടെ ഒരു മോശം റെക്കോഡും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ബൗള്‍ഡ് ആയി പുറത്താകുന്ന താരമെന്ന മോശം റെക്കോഡാണ് താരത്തിന് വന്നു ചേര്‍ന്നത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ബൗള്‍ഡ് ആയി പുറത്താകുന്ന താരം
ശിഖര്‍ ധവാന്‍ – 40*
വിരാട് കോഹ്‌ലി – 38
ഷെയ്ന്‍ വാട്‌സണ്‍ – 35
പഞ്ചാബിന് വേണ്ടി മധ്യനിരയില്‍ ബാറ്റ് ചെയ്ത ശശാങ്ക് സിങ്ങാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 29 പന്തില്‍ നിന്ന് നാല് സിക്സറും ആറ് ഫോറും അടക്കം 61 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്. 210.34 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം പുറത്താകാതെ കളിക്കളത്തില്‍ അഴിഞ്ഞാടിയത്. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. പ്രഭ്സിമ്രാന്‍ സിങ് 24 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ അശുതോഷ് 17 പന്തില്‍ 31 റണ്‍സും നേടി വിജയത്തില്‍ എത്തിക്കുകയായിരുന്നു പഞ്ചാബിനെ.
ഗുജറാത്തിനു വേണ്ടി അസ്മത്തുള്ള ഒമര്‍ സായി, ഉമേഷ് യാദവ്, റാഷിദ് ഖാന്‍, മോഹിത് ശര്‍മ ദര്‍ശന്‍ നാല്‍കണ്ഡേ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നൂര്‍ അഹമ്മദ് രണ്ടു വിക്കറ്റുകളും ടീമിന് വേണ്ടി നേടിക്കൊടുത്തു.ഇതോടെ പോയിന്റ് ടേബിളില്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തും ഗുജറാത്ത് ആറാം സ്ഥാനത്തും ആണ്. ഇരുവര്‍ക്കും നാലു പോയിന്റുകള്‍ വീതം ആണെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ കാര്യത്തില്‍ ഗുജറാത്ത് ആണ് പിന്നില്‍.
Content highlight: Shikhar Dhawan In Bad Record Achievement