കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം ഓവലില്‍ വെച്ച് നടന്നത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്ന് റണ്‍സിന് കഷ്ടിച്ചായിരുന്നു ഇന്ത്യ ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 308 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസിന്റെ പോരാട്ടം 305 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. രസകരവും ആവേശകരവുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ മത്സരത്തിലുണ്ടായിരുന്നു.
ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്റെ ഡയറക്ട് ഹിറ്റും അവസാന ഓവറില്‍ ഇന്ത്യയെ തുണച്ച സഞ്ജുവിന്റെ സൂപ്പര്‍മാന്‍ സേവും ഇതില്‍ ഉള്‍പ്പെടും.
രസകരമായ മറ്റൊരു സംഭവവും മത്സരത്തിനിടെ നടന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിനിടെ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ ഗ്രൗണ്ടില്‍ കിടന്ന് പുഷ് അപ് അടിച്ചതായിരുന്നു ആ സംഭവം.
മത്സരത്തിന്റെ 37ാം ഓവറിലായിരുന്നു സംഭവം. ചഹലിന്റെ പന്തില്‍ റണ്ണെടുക്കാന്‍ ശ്രമിച്ച ബ്രാന്‍ഡന്‍ കിങ്ങിന്റെ ഷോട്ട് തടഞ്ഞിട്ടുകൊണ്ടായിരുന്നു ധവാന്‍ പുഷ് അപ് അടിച്ചത്. വിന്‍ഡീസ് താരങ്ങളടക്കം ചിരിയോടെയാണ് ധവാന്റെ പ്രവര്‍ത്തിയെ വരവേറ്റത്.
ധവാന്റെ ഫീല്‍ഡിങ്ങും ശേഷമുള്ള ജെസ്റ്ററും ആരാധകര്‍ക്കും ‘ക്ഷ’ പിടിച്ചിരുന്നു. എന്നാല്‍ ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നുവെങ്കില്‍ ധവാന്റെ ഇതേ പ്രവര്‍ത്തി ഉപയോഗിച്ചാവും ആരാധകര്‍ താരത്തെ എയറില്‍ കയറ്റാന്‍ പോവുന്നത് എന്ന കാര്യത്തില്‍ ഒരു സംശവും ഉണ്ടാവില്ല.
അതേസമയം വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ ധവാന്റെ കീഴില്‍ മികച്ച ജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 308 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ വിന്‍ഡീസിന് 305 നേടാനെ സാധിച്ചുള്ളു.
99 പന്തില്‍ നിന്നും 97 റണ്‍സുമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ ശുഭ്മന്‍ ഗില്‍ 63 റണ്‍സും അയ്യര്‍ 54 റണ്‍സും നേടിയിരുന്നു. മധ്യനിരയില്‍ സൂര്യകുമാറും സഞ്ജുവും നിരാശപ്പെടുത്തിയപ്പോള്‍ അക്‌സര്‍ പട്ടേലിന്റെയും ദീപ്ക് ഹൂഡയുടെയും ചെറുത്ത് നില്‍പാണ് ഇന്ത്യയ്ക്ക് തുണയായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍ ഷായ് ഹോപ്പിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. എന്നാല്‍ കൈല്‍ മൈറിസും ഷമാര്‍ ബ്രൂക്‌സും ചേര്‍ന്ന് വിന്‍ഡീസ് ഇന്നിങ്‌സിന് പേസ് നല്‍കി.
പിന്നാലെയെത്തിയ ബ്രാന്‍ഡന്‍ കിങ്ങും അടിച്ച് കളിച്ചതോടെ വിന്‍ഡീസ് സ്‌കോര്‍ ഉയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതോടെ വിന്‍ഡീസ് ഇന്നിങ്‌സിന്റെ വേഗത കുറയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
അകീല്‍ ഹൊസൈനും റൊമാരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം വിന്‍ഡീസിനെ ജയിപ്പിച്ചു എന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. അവസാനം മൂന്ന് റണ്‍സിന് ഇന്ത്യ മത്സരം സ്വന്തമാക്കി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത് 1-0ന് മുന്നിലാണ്. 24നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഓവല്‍ തന്നെയാണ് വേദി.
Content Highlight: Shikhar Dhawan Hilariously Attempts Push-Ups, Draws Laughter From Teammates In First ODI vs West Indies