ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ എനിക്ക് താത്പര്യമില്ല: വിരമിച്ച ഇന്ത്യൻ സൂപ്പർതാരം
Cricket
ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ എനിക്ക് താത്പര്യമില്ല: വിരമിച്ച ഇന്ത്യൻ സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th September 2024, 7:49 am

ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍.

’18-19 വയസില്‍ കളിക്കാന്‍ തുടങ്ങിയ ആഭ്യന്തര ക്രിക്കറ്റ് എനിക്ക് താത്പര്യമില്ലായിരുന്നു. ഈ രൂപത്തിലുള്ള ക്രിക്കറ്റ് കളിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. എന്റെ ക്രിക്കറ്റ് ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കഴിഞ്ഞ രണ്ടു വര്‍ഷം ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം കളിച്ചിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ കൂടുതല്‍ ക്രിക്കറ്റുകള്‍ കളിച്ചിരുന്നില്ല,’ ശിഖര്‍ ധവാന്‍ പറഞ്ഞു.

2023-24 സീസണില്‍ ധവാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്നില്ല. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു ധവാന്‍. എന്നാല്‍ പഞ്ചാബിനൊപ്പം അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് മുന്‍ ഇന്ത്യന്‍ താരത്തിന് കളിക്കാന്‍ സാധിച്ചത്. ധവാന് പകരം ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സാം കറനായിരുന്നു പഞ്ചാബിനെ കഴിഞ്ഞ സീസണിലെ ബാക്കി മത്സരങ്ങള്‍ നയിച്ചിരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഒരു പിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ധവാന്‍. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ 2010ല്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ 167 മത്സരങ്ങളില്‍ നിന്നും 6793 റണ്‍സാണ് നേടിയിട്ടുള്ളത്. 13 സെഞ്ച്വറികളും 39 അര്‍ധസെഞ്ച്വറികളുമാണ് ധവാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 44.1 ആവറേജിലാണ് ധവാന്‍ ബാറ്റ് വീശിയത്.

കുട്ടി ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ നിന്നും 1759 റണ്‍സാണ് താരം നേടിയത്. 11 ഫിഫ്റ്റിയും ധവാന്‍ ടി-20യില്‍ നേടിയിട്ടുണ്ട്. 2013 റെഡ് ബോള്‍ ക്രിക്കറ്റിലും താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിക്കൊണ്ട് 2315 റണ്‍സാണ് ധവാന്‍ നേടിയത്. താരം അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത് 2018ലായിരുന്നു. ടി-20യില്‍ 2021ലും ഏകദിനത്തില്‍ 2022ലുമാണ് ധവാന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്.

2013ലെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ പങ്കാളിയാവാന്‍ ധവാന് സാധിച്ചിരുന്നു. ചാമ്പ്യന്‍സ് തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും ധവാനാണ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

 

Content Highlight: Shikhar Dhawan has said that he is not interested in playing domestic cricket