അയര്‍ലാന്‍ഡിനെതിരെ വി.വി.എസ് ലക്ഷ്മണിന് കീഴില്‍ പുതിയ ടീമും പുതിയ നായകനും
Sports News
അയര്‍ലാന്‍ഡിനെതിരെ വി.വി.എസ് ലക്ഷ്മണിന് കീഴില്‍ പുതിയ ടീമും പുതിയ നായകനും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th May 2022, 5:24 pm

ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തില്‍ യുവതാരങ്ങളെ അണിനിരത്തിയുള്ള ടീമിനെയാവും കളത്തിലിറക്കുകയെന്ന് സൂചന നല്‍കി ബി.സി.സി.ഐ. ഇംഗ്ലണ്ട് പര്യടനവും ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയും കാരണം സീനിയര്‍ ടീം ഫുള്‍ ടൈം എന്‍ഗേജിംഗിലായതിനാല്‍ പുതുതായി ചുമതലയേറ്റ പരിശീലകന്‍ വി.വി.എസ് ലക്ഷ്മണിന് കീഴില്‍ പുതിയ ടീമിനെ പ്രഖ്യാപിക്കാനാണ് സാധ്യത.

ജൂണ്‍ 26ന് ആരംഭിക്കുന്ന ഇന്ത്യ – അയര്‍ലന്‍ഡ് പരമ്പരയ്ക്ക് ലക്ഷ്മണിന് കീഴില്‍ തന്നെയാവും ഇന്ത്യ പടയൊരുക്കം നടത്തുക എന്നതാണ് ലഭ്യമായ വിവരം. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ലക്ഷ്മണ്‍.

രണ്ട് പരിശീലകര്‍ക്ക് കീഴില്‍ രണ്ട് ടീം എന്നതാവും ബി.സി.സി.ഐയുടെ തന്ത്രം. സീനിയര്‍ ടീം ദ്രാവിഡിനൊപ്പം ഇംഗ്ലണ്ട് കീഴടക്കാന്‍ പുറപ്പെടുമ്പോള്‍ വി.വി.എസ്സിന് കീഴില്‍ യുവതാരങ്ങളെ അണിനിരത്തി അയര്‍ലാന്‍ഡിനെ തകര്‍ക്കാനാണ് രണ്ടാം ടീം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഐ.പി.എല്ലില്‍ കരുത്ത് കാട്ടിയ കൂടുതല്‍ യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലെത്തുമെന്നും സൂചനകളുണ്ട്.

യുവനിരയുടെ ക്യാപ്റ്റനായി ശിഖര്‍ ധവാനോ സഞ്ജു സാംസണോ ഹര്‍ദിക് പാണ്ഡ്യയോ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധവാനാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. ഹര്‍ദിക്കാവും ഉപനായകന്‍.

ഒരുപക്ഷേ ഹര്‍ദിക്കിന് എ ടീമില്‍ ഇടം ലഭിക്കുകയാണെങ്കില്‍ വൈസ് ക്യാപ്റ്റനായി സഞ്ജു എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അയര്‍ലാന്‍ഡിനെതിരെയുള്ള ടീമിനെ മെയ് 26ന് പ്രഖ്യാപിക്കും.

ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് ശിഖര്‍ ധവാന്‍ പുറത്തെടുക്കുന്നത്. പഞ്ചാബ് കിംഗ്‌സിനായി ആഞ്ഞടിക്കുന്ന ധവാന്‍ തന്റെ പ്രതാപ കാലത്തെ ഓര്‍മിപ്പിക്കും വിധമാണ് പഞ്ചാബിനായി കളിക്കുന്നത്.

ആദ്യമായി ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തതിന്റെ ഒരു സങ്കോചവും കൂടാതെയാണ് ഹര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായത്. മികട്ട രീതിയില്‍ ടീമിനെ നയിച്ച ഹര്‍ദിക്, ഐ.പി.എല്‍ 2022ല്‍ ആദ്യം പ്ലേ ഓഫില്‍ കയറുന്ന ടീമായി ടൈറ്റന്‍സിനെ മാറ്റുകയും ചെയ്തിരുന്നു.

 

Content Highlight: Shikhar Dhawan, Hardik Pandya or Sanju Samson likely to lead India against Ireland