ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ യുവതാരങ്ങളാല്‍ സമ്പന്നമായ ഇന്ത്യന്‍ ടീമിനെ കണ്ട് ആരാധകര്‍ ഏറെ സന്തോഷിച്ചിരുന്നു. ഋതുരാജ് ഗെയ്ക്വാദ് നയിക്കുന്ന സ്‌ക്വാഡില്‍ റിങ്കു സിങ്ങും ജിതേഷ് ശര്‍മയും അടക്കം പല ഐ.പി.എല്‍ – ഡൊമസ്റ്റിക് വണ്ടറുകളും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
എന്നാല്‍ ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്ന പ്രധാന കാരണങ്ങളിലൊന്ന് സീനിയര്‍ താരം ശിഖര്‍ ധവാന് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയതാണ്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുക ശിഖര്‍ ധവാന്‍ ആണെന്ന് കരുതിയിടത്ത് നിന്നുമാണ് ധവാന് സ്‌ക്വാഡില്‍ പോലും ഇടം ലഭിക്കാതിരിക്കുന്നത്.
ഈ വര്‍ഷം നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പും ഏഷ്യന്‍ ഗെയിംസും ഏതാണ്ട് ഒരേ സമയത്താണെന്നതിനാല്‍ വേള്‍ഡ് കപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോകുന്ന താരങ്ങളാണ് ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
എന്നാല്‍ നിലവില്‍ മോശം ഫോമില്‍ തുടരുന്ന ധവാന് വേള്‍ഡ് കപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കുമെന്ന് കരുതാന്‍ സാധിക്കില്ല.
ബംഗ്ലാദേശിനെതിരെയാണ് ധവാന്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 7, 8, 3 എന്നിങ്ങനെയായിരുന്നു ധവാന്റെ സ്‌കോര്‍. എന്നാല്‍ ഇതിന് മുമ്പ് നടന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ധവാന്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. 72, 3, 28 എന്നിങ്ങനെയാണ് എവേ സീരീസില്‍ ധവാന്‍ ബാറ്റ് വീശിയത്.
സൗത്ത് ആഫ്രിക്കക്കെതിരായ ഹോം മത്സരങ്ങളിലും ധവാന്‍ പരജായപ്പെട്ടിരുന്നു. 4, 13, 8 എന്നിങ്ങനെയായിരുന്നു ധവാന്റെ സ്‌കോര്‍. ഇതിന് പിന്നാലെ ഇ വര്‍ഷം നടന്ന ഇന്ത്യ – ശ്രീലങ്ക പരമ്പരയില്‍ നിന്നും ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലും ധവാന് സ്ഥാനം ലഭിച്ചിരുന്നില്ല.
എന്നാല്‍ ഐ.പി.എല്ലില്‍ തെറ്റില്ലാത്ത പ്രകടനം പുറത്തെടുത്ത ധവാന് വീണ്ടും നാഷണല്‍ ഡ്യൂട്ടി ലഭിച്ചേക്കുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നു. 37കാരനായ ധവാന്‍ ഈ സീസണിലെ 11 മത്സരത്തില്‍ നിന്നും 142.91 എന്ന സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളടക്കം 373 റണ്‍സാണ് നേടിയത്. ഏഷ്യന്‍ ഗെയിംസിന് ഈ പ്രകടനം താരത്തെ തുണയ്ക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ബി.സി.സി.ഐ പലതും പറയാതെ പറയാനുള്ള ശ്രമമാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
നിരവധി ആരാധകരാണ് ധവാനെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി എത്തിയരിക്കുന്നത്.
സെപ്റ്റംബര്‍ 28നാണ് ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരം നടക്കുക. ടി-20 ഫോര്‍മാറ്റിലാണ് മത്സരം.